ഐ.പി.എല്‍ 2025ല്‍ കഴിഞ്ഞ ദിവസം നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ആവേശകരമായ വിജയം സ്വന്തമാക്കിയിരുന്നു. വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ വിജയം.
അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ഇംപാക്ട് പ്ലെയറായെത്തിയ അശുതോഷ് ശര്‍മയുടെ അപരാജിത ചെറുത്തുനില്‍പ്പാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
A win for the ages 💙❤️ pic.twitter.com/DmeAgPoGES
— Delhi Capitals (@DelhiCapitals) March 24, 2025
മത്സരത്തില്‍ ലഖ്‌നൗ നായകന്‍ റിഷബ് പന്ത് ആരാധകരെ പാടെ നിരാശപ്പെടുത്തിയിരുന്നു. ബാറ്റിങ്ങില്‍ ആറ് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെയാണ് താരം പുറത്തായത്. വിക്കറ്റ് കീപ്പിങ്ങില്‍ വരുത്തിയ തെറ്റുകള്‍ ടീമിന്റെ പരാജയത്തിനും കാരണമായി.
ദല്‍ഹി ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കവെ ആറ് റണ്‍സായിരുന്നു ടീമിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. സ്‌ട്രൈക്കിലുണ്ടായിരുന്ന മോഹിത് ശര്‍മയെ സ്റ്റംപിങ്ങിലൂടെ പുറത്താക്കി ടീമിനെ വിജയത്തിലേക്ക് നയിക്കാനുള്ള സുവര്‍ണാവസം പന്ത് നശിപ്പിച്ചുകളയുകയായിരുന്നു.
സിംഗിള്‍ നേടി മറുവശത്തുള്ള അശുതോഷ് ശര്‍മയ്ക്ക് സ്‌ട്രൈക്ക് കൈമാറാനാണ് മോഹിത് ശ്രമിച്ചത്. ഷഹബാസ് അഹമ്മദ് എറിഞ്ഞ പന്ത് നേരിടാന്‍ ക്രീസ് വിട്ടിറങ്ങിയ മോഹിത്തിന് പിഴച്ചു. പന്ത് താരത്തിന്റെ പാഡില്‍ തട്ടി വിക്കറ്റ് കീപ്പറെ ലക്ഷ്യമാക്കി കുതിച്ചു.
എന്നാല്‍ ആ പന്ത് കൈപ്പിടിയിലൊതുക്കാനോ സ്റ്റംപ് ചെയ്ത് ടീമിനെ വിജയത്തിലേക്ക് നയിക്കാനോ റിഷബ് പന്തിന് സാധിച്ചില്ല. ഏറെ നേരം മോഹിത് ക്രീസിന് പുറത്തായിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
ജീവന്‍ ലഭിച്ച മോഹിത് അടുത്ത പന്തില്‍ സിംഗിള്‍ നേടുകയും ക്രീസിലെത്തിയ അശുതോഷ് സിക്‌സര്‍ നേടി വിജയം പൂര്‍ത്തിയാക്കുകയുമായിരുന്നു.
അത്യന്തം ആവേശകരമായ ഈ നിമിഷം ലൈവ് കണ്ടവര്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ഹൈലൈറ്റ് വേര്‍ത്തിയായ മിസ്ഡ് സ്റ്റംപിങ് ഓപ്പര്‍ച്യൂണിറ്റിയും ശേഷം ലഖ്‌നൗ എടുത്ത ഡി.ആര്‍.എസ്സുമെല്ലാം ഒഴിവാക്കിയാണ് മത്സരത്തിന്റെ ഹൈലൈറ്റ് പുറത്തുവിട്ടിരിക്കുന്നത്.
റിഷബ് പന്ത് എന്ന താരത്തെ എത്രത്തോളം പ്രൊട്ടെക്ട് ചെയ്യാന്‍ സാധിക്കുമോ, അതെല്ലാം അപെക്‌സ് ബോര്‍ഡ് ചെയ്യുന്നുണ്ടെന്നും പന്ത് വരുത്തിയ ഈ തെറ്റുകള്‍ മായ്ച്ചുകളയുക എന്ന ലക്ഷ്യമാണ് ഹൈലൈറ്റില്‍ ഇത് ഉള്‍പ്പെടുത്താത്തത് എന്നുമാണ് ആരാധകര്‍ പറയുന്നത്.
ഈ വിഷയം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുമുണ്ട്.
മാര്‍ച്ച് 27നാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ അടുത്ത മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഓറഞ്ച് ആര്‍മിയുടെ സ്വന്തം തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് വേദി.
Content Highlight: IPL 2025: Rishabh Pant’s mistakes were omitted from the highlights of the Lucknow Super Giants – Delhi Capitals match.