ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 47 പരാജയപ്പെടുത്തി ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു.
28 പന്തില്‍ 53 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുമാണ് സൂര്യയുടെ ബാറ്റില്‍ നിന്നും പിറന്നത്. 24 പന്തില്‍ 32 റണ്‍സ് നേടി ഹര്‍ദിക് പാണ്ഡ്യയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഇന്ത്യയുടെ വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു റിഷ ബ് പന്ത് നടത്തിയത്. മൂന്ന് ക്യാച്ചുകളാണ് പന്ത് മത്സരത്തില്‍ നേടിയത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തെ തേടിയെത്തിയിരുന്നു. ടി-20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്.
10 ക്യാച്ചുകളാണ് താരം ഇതുവരെ നേടിയത്. ഒമ്പത് ക്യാച്ചുകള്‍ നേടിയ ആദം ഗില്‍ഗ്രിസ്റ്റ്, ജോസ് ബട്‌ലര്‍, മാത്യു വെയ്ഡ്, സ്‌കോട് എഡ്വേര്‍ഡ്‌സ് എന്നിവരെ മറികടന്നു കൊണ്ടായിരുന്നു പന്തിന്റെ മുന്നേറ്റം.