ടി-20 ലോകകപ്പിന്റെ സമയത്ത് അദ്ദേഹം എനിക്കൊരു ഉപദേശം തന്നു; തുറന്ന് പറഞ്ഞ് റിങ്കു സിങ്
Sports News
ടി-20 ലോകകപ്പിന്റെ സമയത്ത് അദ്ദേഹം എനിക്കൊരു ഉപദേശം തന്നു; തുറന്ന് പറഞ്ഞ് റിങ്കു സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th August 2024, 6:21 pm

2024 ടി-20 ലോകകപ്പില്‍ ഇന്ത്യ ഐതിഹാസികമായ വിജയം സ്വന്തമാക്കിയാണ് രണ്ടാം തവണയും ഐ.സി.സി കിരീടം ചൂടിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ ടൂര്‍ണമെന്റിലുടനീളം മിന്നു പ്രകടനം കാഴ്ചവെച്ചത്.

എന്നാല്‍ ഇന്ത്യന്‍ സ്‌ക്വാഡിലെ റിസര്‍വ് താരമായ റിങ്കു സിങ്ങിനെ ഒരു മത്സരത്തിലും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ 2024 ടി-20 ലോകകപ്പിലെ അനുഭവങ്ങളെക്കുറിച്ച് ന്യൂസ് 24ന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു താരം. ലോകകപ്പിന്റെ സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായുള്ള സംഭാഷണങ്ങളെക്കുറിച്ചും റിങ്കു സംസാരിച്ചിരുന്നു.

‘ ആ സമയം രോഹിത് ഭയ്യ എന്റെ അടുത്ത് വന്ന് സംസാരിക്കുകയും എന്നെ ഉപദേശിക്കുകയും ചെയ്തിരുന്നു, നിങ്ങള്‍ ഇപ്പോളും ചെറുപ്പമാണെന്നും ഭാവിയില്‍ ഇനിയും ഒരുപാട് ലോകകപ്പുകള്‍ നടക്കാനുണ്ടെന്നും പറഞ്ഞു. അതിന് വേണ്ടി കഠിനാധ്വാനം ചെയ്യണമെന്നും നിരാശപ്പെടരുതെന്നും എന്നോട് വന്ന് പറഞ്ഞു,’ റിങ്കു പറഞ്ഞു.

2023ലാണ് റിങ്കു ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. 23 ടി-20 മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 418 റണ്‍സാണ് താരം നേടിയത്. ഏകദിനത്തില്‍ രണ്ടു മത്സരങ്ങളില്‍ മാത്രമേ താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഫിനിഷിങ് റോളില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെയാണ് റിങ്കു ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ പിടിച്ചു പറ്റിയത്. കൊല്‍ക്കത്തക്കൊപ്പമുള്ള സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ താരത്തെ വൈകാതെ തന്നെ ഇന്ത്യന്‍ ടീമില്‍ എത്തിക്കുകയായിരുന്നു.

നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ ദുലീപ് ട്രോഫിക്ക് വേണ്ടി തയ്യാറെടുക്കുകയാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് ദുലീപ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇതോടെ എ, ബി, സി, ഡി എന്നീ ടീമുകളും പ്രഖ്യാപിച്ചിരുന്നു.

 

Content Highlight: Rinku Singh Talking About Rohit Sharma