അരങ്ങേറ്റത്തിനൊരുങ്ങി റിങ്കു സിങ്; രാഹുലും സംഘവും പടയൊരുക്കത്തില്‍
Sports News
അരങ്ങേറ്റത്തിനൊരുങ്ങി റിങ്കു സിങ്; രാഹുലും സംഘവും പടയൊരുക്കത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th December 2023, 11:36 am

സൗത്ത് ആഫ്രിക്കയുമായുള്ള ടി-ട്വന്റി പരമ്പര സമനിലയില്‍ കലാശിച്ചതോടെ ഡിസംബര്‍ 17ന് ഏകദിന പരമ്പരക്ക് വാണ്ടേഴ്‌സില്‍ തുടക്കമാകുകയാണ്. മൂന്ന് ടി-ട്വന്റി മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ആദ്യ മത്സരം മഴ കൊണ്ട് പോയപ്പോള്‍ 1-1ന് പരമ്പര സമനിലയിലാവുകയായിരുന്നു. പ്രോട്ടിയാസിനെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് ഉളളത്.

പ്രോട്ടിയാസിന് എതിരെ ഏകദിന പരമ്പര കെ.എല്‍ രാഹുലാണ് നയിക്കുന്നത്. മത്സരത്തിനു മുമ്പായിട്ടുള്ള പത്രസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയില്‍ രാഹുല്‍ റിങ്കു സിങ്ങിനെ കുറിച്ചും സംസാരിച്ചിരുന്നു. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡോഴ്‌സിന് വേണ്ടി കളിക്കുന്ന റിങ്കുവിന്റ ആദ്യത്തെ ഏകദിന പരമ്പരയാണ് മുന്നിലുള്ളത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം നടത്താന്‍ റിങ്കുവിന് കഴിയുമെന്നാണ് രാഹുല്‍ വിശ്വസിക്കുന്നത്.

‘അവന്‍ നല്ല കളിക്കാരന്‍ ആണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിച്ച് തന്റെ ക്ലാസ് കാണിച്ചുതന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലും അത് ഉണ്ടാകും. ടി ട്വന്റി പരമ്പരയില്‍ അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും അവന്‍ റണ്‍സ് നേടിയിട്ടുണ്ട്. അതേ ഏകദിന പരമ്പരയില്‍ അദ്ദേഹത്തിന് ഇപ്പോള്‍ അവസരം ലഭിച്ചിട്ടുണ്ട്,’രാഹുല്‍ പറഞ്ഞു.

2023 ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയക്ക് എതിരായ ടി-ട്വന്റി മത്സരത്തില്‍ മിന്നും ഫോമാണ് മധ്യനിരയില്‍ റിങ്കു കാഴ്ചവെച്ചത്. മികച്ച ഫിനിഷര്‍ എന്ന ലേബലില്‍ ടീമിനെ വിജയത്തിലെത്തിക്കുന്നതിന് നിര്‍ണായ പങ്കാണ് ഓരോ കളിയിലും റിങ്കു വഹിച്ചത്. സൗത്ത് ആഫ്രിക്കക്ക് എതിരായ ടി-ട്വന്റി പരമ്പരയിലും മികച്ച ഫോം കാഴ്ചവച്ച താരത്തിന് കഴിഞ്ഞ രണ്ടു പരമ്പരകളില്‍ നിന്നും 187 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. ഒരു മധ്യനിര ബാറ്റര്‍ ആയിരുന്നിട്ടും 109 പന്തില്‍ നിന്നും 187 റണ്‍സ് നിസാരമല്ല.

പ്രോട്ടിയാസുമായുള്ള പരമ്പരക്ക് ശേഷം അഫ്ഗാനിസ്ഥാനുമായി നടക്കാനിരിക്കുന്ന ടി ട്വന്റി, ഏകദിന പരമ്പരയും താരത്തിന് നിര്‍ണായകമാകും.

 

Content Highlight: Rinku Singh is ready to make his debut