ഭോപ്പാല്‍: രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിചിത്ര ന്യായീകരണവുമായി മധ്യപ്രദേശ് ഊര്‍ജ മന്ത്രി പ്രധുമാന്‍ സിംഗ് തോമര്‍.
മാര്‍ക്കറ്റുകളിലേക്ക് പോകുന്നവര്‍ സൈക്കിളില്‍ പോയാല്‍ പോരെ എന്നാണ് സിംഗ് തോമര്‍ ചോദിക്കുന്നത്. പച്ചക്കറി ചന്തകളിലേക്കുള്ള സൈക്കിള്‍ യാത്ര ആളുകളെ ആരോഗ്യവാന്മാരാക്കുമെന്നും പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില വര്‍ധനയില്‍ നിന്നുള്ള പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് ഉപയോഗിക്കുന്നതെന്ന് വിലക്കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് പ്രധുമാന്‍ സിംഗ് പറഞ്ഞു.
‘നമ്മള്‍ മാര്‍ക്കറ്റിലേക്ക് സൈക്കിളില്‍ പോകാറുണ്ടാ? ഇത് നമ്മെ ആരോഗ്യവാന്‍മാരാക്കും. ഇത് പരിസ്ഥിതി മലിനീകരണം അകറ്റാനും ഗുണം ചെയ്യും. പെട്രോളിലൂടെ ലഭിക്കുന്ന നികുതിപ്പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് വിനിയോഗിക്കുന്നത്’ മന്ത്രി ന്യായീകരിച്ചു.
പെട്രോള്‍, ഡീസല്‍ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്നും അത് കേന്ദ്രമാണ് തീരുമാനിക്കുന്നതെന്നും തോമര്‍ പറഞ്ഞു.