ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ എം.എം. കീരവാണിക്ക് അഭിനന്ദനങ്ങളുമായി റിച്ചാര്‍ഡ് കാര്‍പെന്റര്‍. കീരവാണിയേയും ആര്‍.ആര്‍.ആറിനേയും അഭിനന്ദിക്കാനായി കാര്‍പെന്റേഴ്‌സിന്റെ പ്രശസ്ത ഗാനം ഓണ്‍ ടോപ്പ് ഓഫ് ദി വേള്‍ഡിന്റെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പാടുന്ന വീഡിയോ ആണ് റിച്ചാര്‍ഡ് കാര്‍പെന്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എം.എം. കീരവാണിയേയും ലിറിസിസ്റ്റ് ചന്ദ്രബോസിനേയും മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് റിച്ചാര്‍ഡ് കാര്‍പെന്റര്‍ വീഡിയോ പങ്കുവെച്ചത്.
പോസ്റ്റിന് കമന്റുമായി സംവിധായകന്‍ എസ്. എസ്. രാജമൗലിയും വന്നിരുന്നു. ‘ഈ ഓസ്‌കാര്‍ ക്യാമ്പെയ്‌നിടയില്‍ എന്റെ സഹോദരന്‍ ശാന്തനായിരുന്നു. ഓസ്‌കാര്‍ ലഭിക്കുന്നതിനും മുമ്പും ശേഷവുമെല്ലാം അദ്ദേഹം വികാരങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഈ വീഡിയോ കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ കണ്ണീര്‍ നിയന്ത്രിക്കാനായില്ല. ഞങ്ങളുടെ കുടുംബത്തിന് അവിസ്മരണീയമായ നിമിഷമാണിത്. വളരെ നന്ദി,’ രാജമൗലി കുറിച്ചു.
രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന പാട്ടാണ് കീരവാണിക്ക് ഓസ്‌കാര്‍ നേടിക്കൊടുത്തത്. റീല്‍സിലും ഷോട്ടിലും വൈറലായ ഗാനം ഗ്ലോബല്‍ സെന്‍സേഷനായി മാറിയിരുന്നു.
മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം ‘കാര്‍പെന്റേഴ്സിനെ കേട്ടു വളര്‍ന്ന ഞാന്‍ ഇന്ന് ഓസ്‌കാറുമായി നില്‍ക്കുന്നു’ എന്നാണ് കീരവാണി പറഞ്ഞത്.
സഹോദരങ്ങളായ കാരെനും റിച്ചാര്‍ഡ് കാര്‍പെന്ററും അടങ്ങുന്ന ഒരു അമേരിക്കന്‍ വോക്കല്‍, ഇന്‍സ്ട്രുമെന്റല്‍ ജോഡിയാണ് ദ കാര്‍പെന്റേഴ്സ്. ഓസ്‌കാര്‍ വേദിയില്‍ കാര്‍പെന്റേഴ്സിന്റെ പ്രശസ്തമായ ഗാനങ്ങളിലൊന്ന് കീരവാണി ആലപിക്കുകയും ചെയ്തിരുന്നു.
‘എന്റെ മനസ്സില്‍ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, ആര്‍.ആര്‍. ആര്‍ വിജയിക്കണം. ഓരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷമാണിത്, അതെന്നെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു,’ കീരവാണി പറഞ്ഞു.
Content Highlight: Richard Carpenter congratulates MM Keeravani