യു.പിയെ അടിച്ചുതകര്‍ത്ത് നേടിയത് ഇരട്ട റെക്കോഡ്; കൊടുങ്കാറ്റായി ബെംഗളൂരു സൂപ്പര്‍ താരം
Cricket
യു.പിയെ അടിച്ചുതകര്‍ത്ത് നേടിയത് ഇരട്ട റെക്കോഡ്; കൊടുങ്കാറ്റായി ബെംഗളൂരു സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th February 2024, 9:45 pm

വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണിലെ രണ്ടാം മത്സരത്തില്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു യു.പി വാരിയേഴ്‌സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വാരിയേഴ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്.

റോയല്‍ ചലഞ്ചേഴ്‌സിന്റെ ബാറ്റിങ് നിരയില്‍ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനമാണ് റിച്ചാ ഗോഷ് നടത്തിയത്. 37 പന്തില്‍ 62 റണ്‍സ് നേടി കൊണ്ടായിരുന്നു റിച്ചയുടെ തകര്‍പ്പന്‍ പ്രകടനം. 12 ഫോറുകളാണ് റിച്ചയുടെ ബാറ്റില്‍ നിന്നും പിറന്നത്. 167.57 പ്രഹരശേഷിയിലായിരുന്നു താരം ബാറ്റ് വീശിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടം സ്വന്തമാക്കാനും ബെംഗളൂരു താരത്തിന് സാധിച്ചു. വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ അര്‍ധസെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് റിച്ച ഘോഷ് സ്വന്തം പേരിലാക്കി മാറ്റിയത്.

വുമണ്‍സ് പ്രമീയര്‍ ലീഗില്‍ അര്‍ധസെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ യാസ്തിക ബാട്ടിയയാണ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ആയിരുന്നു മുംബൈ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 45 പന്തില്‍ 57 റണ്‍സ് നേടി കൊണ്ടായിരുന്നു യാസ്തിക നേട്ടം സ്വന്തം പേരിലാക്കിയത്.

മറ്റൊരു തകര്‍പ്പന്‍ റെക്കോഡും റിച്ച സ്വന്തമാക്കി. വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ഒരു വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന നേട്ടവും താരം സ്വന്തമാക്കി. ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയത് അലീസ ഹീലിയാണ് ബെംഗളൂരുവിനെതിരെ പുറത്താവാതെ 96 റണ്‍സാണ് അലീസ നേടിയത്.

സബിനേനി മേഖനയും അര്‍ധസഞ്ചറി നേടി മികച്ച പ്രകടനം നടത്തി. 44 പന്തില്‍ 53 റണ്‍സാണ് മേഖന നേടിയത്. ഏഴ് ഫോറുകളും ഒരു സിക്‌സും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 120.45 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

യു. പി ബൗളിങ് നിരയില്‍ രാജേശ്വരി ഗയ്വാദ് രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. ഗ്രേസ് ഹാരിസ്, താലിയ മഗ്രാത്ത്, ദീപ്തി ശര്‍മ, സോഫി ഏക്ലെസ്റ്റോണ്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും വീഴ്ത്തി.

Content Highlight: Richa Ghosh great performance against U.P Warriors in WPL