ന്യൂദല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ഡോക്ടര്‍മാരെ കൂടി കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കാന്‍ നീക്കം. 400 വിരമിച്ച ഡോക്ടര്‍മാരെയാണ് താത്കാലിക കൊവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
കൊവിഡ് പ്രതിരോധത്തിന് വിരമിച്ച ഡോക്ടര്‍മാരുടെ സേവനം നല്‍കുന്നതിനായി പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കിയതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ വിരമിച്ച ഡോക്ടര്‍മാരെയാണ് റിക്രൂട്ട് ചെയ്തിരിക്കുന്നത്. 11 മാസത്തെ കോണ്‍ട്രാക്ടിനാണ് ഇവരെ നിയമിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 4 ലക്ഷം കടന്നു. 4,03,738 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,092 പേരാണ് ഒറ്റ ദിവസം കൊവിഡ് ബാധിച്ചുമരിച്ചത്. രാജ്യത്ത് കൊവിഡ് അതീവ ഗുരുതരമായി തുടരുകയാണ്.