കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രമേയം
Kerala News
കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രമേയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th September 2022, 5:45 pm

കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഓള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും ഡി-ലിറ്റ് നല്‍കണം എന്ന ആവശ്യവുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രമേയം. സിന്‍ഡിക്കേറ്റ് അംഗം അബ്ദുറഹീമായിരുന്നു വൈസ് ചാന്‍സലറുടെ അനുമതിയോടെ പ്രമേയം അവതരിപ്പിച്ചത്.

സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും വെള്ളാപ്പള്ളി നടേശനുമെന്ന് പ്രമേയത്തില്‍ പറയുന്നു. സ്വന്തം കുടുംബത്തിലേക്ക് പണം സ്വരൂപിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളല്ല ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും പ്രമേയത്തില്‍ പറഞ്ഞു.

‘നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തിനായി പടുത്തുയര്‍ത്തുകയും ഇന്നും ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളുമാണ് വെള്ളാപ്പള്ളി നടേശന്‍. മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തി ന്യൂജെന്‍ കോഴ്‌സുകള്‍ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കുന്ന വിപ്ലവകരമായ പ്രവര്‍ത്തനമാണ് കാന്തപുരം ചെയ്തുകൊണ്ടിരിക്കുന്നത്.

നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തിനായി പടുത്തുയര്‍ത്തുകയും ഇന്നും ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളുമാണ് വെള്ളാപ്പള്ളി നടേശന്‍. ഇരുവരുടെയും പ്രൊഫൈലുകള്‍ ഡി-ലിറ്റ് നല്‍കുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണം,’ പ്രമേയത്തില്‍ പറഞ്ഞു.

അതിനിടെ ഉടന്‍ പ്രമേയം പിന്‍വലിക്കണമെന്ന് ആവശ്യവുമായി ചില സന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്തെത്തി. എന്നാല്‍, വൈസ് ചാന്‍സലറുടെ അനുവാദത്തോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഡി-ലിറ്റ് നല്‍കേണ്ടവരെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ഈ സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റി വിഷയം പരിഗണണിക്കും. നിലവില്‍ ഡോ. വിജയരാഘവന്‍, ഡോ. വിനോദ് കുമാര്‍, ഡോ. റഷീദ് അഹമ്മദ് എന്നിവരാണ് സബ് കമ്മിറ്റി അംഗങ്ങള്‍.