ചെന്നൈ: കേരളത്തിനും പഞ്ചാബിനും പിന്നാലെ തമിഴ്‌നാട്ടിലും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആര്‍.എന്‍. രവി തമിഴ്‌നാട് ഗവര്‍ണറായി ചുമതലയേറ്റതിന് ശേഷം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് പതിവായിരിക്കുകയാണെന്ന് ഡി.എം.കെയുടെയും സഖ്യകക്ഷികളുടെയും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
പൊതുപരിപാടികളിലും മറ്റും ഗവര്‍ണര്‍ സനാതന ആശയങ്ങളിലധിഷ്ഠിതമായ പ്രസംഗങ്ങളാണ് നടത്തുന്നത്. ഡി.എം.കെ സര്‍ക്കാരിനെതിരായ പരോക്ഷ വിമര്‍ശനങ്ങളും ഉന്നയിക്കുന്നു.
സനാതന, ആര്യ, ദ്രാവിഡ, പട്ടികവര്‍ഗ, തിരുക്കുറല്‍ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അസംബന്ധവും അപകടകരവുമാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
‘ലോകത്തിലെ 120ലധികം രാജ്യങ്ങള്‍ മതേതരമാണ്. എല്ലാ മതേതര രാജ്യങ്ങളിലും മതങ്ങളും സര്‍ക്കാറുമുണ്ട്. എന്നാല്‍, രണ്ടും തമ്മില്‍ ബന്ധമില്ല. ഇതൊന്നും അറിയാതെയാണ് ഗവര്‍ണര്‍ സംസാരിക്കുന്നത്. എല്ലാ മതങ്ങളും തുല്യമാണ്, മതത്തില്‍ വിവേചനമില്ല, എല്ലാവര്‍ക്കും തുല്യ അവകാശം, ഇഷ്ടമുള്ള മതം പിന്തുടരാനുള്ള അവകാശം, അവരുടെ മതം പ്രചരിപ്പിക്കാനുള്ള അവകാശം, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതവിദ്യാഭ്യാസം പാടില്ല, ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം, തുടങ്ങിയ ഭരണഘടനാ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ സംസാരിക്കുന്നത്,’ സംയുക്ത പ്രസ്ഥാവനയിലൂടെ നേതാക്കള്‍ ആരോപിച്ചു.
മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളിലൊന്നാണെന്ന് സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുണ്ട്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പ്രീതി പിടിച്ചുപറ്റി ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ കൈപ്പറ്റുന്നതിനുവേണ്ടിയാണ് ഗവര്‍ണര്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത്. ഗവര്‍ണര്‍ രാജിവെച്ച് ഭരണഘടനക്കെതിരെ സംസാരിക്കട്ടെയെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ആര്‍.എന്‍. രവി ആരോപണം ഉന്നയിച്ചിരുന്നു. പൊലീസ് കൃത്യമായ അന്വേഷിച്ച കേസ് എന്‍.ഐ.എയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ കാലതാമസമുണ്ടാക്കിയെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു.