അയ്യോ ഇത് മമ്മൂക്കയുടെ പേഴ്‌സണല്‍ നമ്പറാണല്ലോ, ഇതെവിടുന്ന് കിട്ടിയെന്നായിരുന്നു അയാള്‍ ചോദിച്ചത്: രശ്മി അനില്‍
Film News
അയ്യോ ഇത് മമ്മൂക്കയുടെ പേഴ്‌സണല്‍ നമ്പറാണല്ലോ, ഇതെവിടുന്ന് കിട്ടിയെന്നായിരുന്നു അയാള്‍ ചോദിച്ചത്: രശ്മി അനില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st January 2024, 1:15 pm

ഹാസ്യ പരിപാടിയിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ താരമാണ് രശ്മി അനില്‍. നിരവധി സിനിമകളിലും സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ കെലൈവിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് രശ്മി. മമ്മൂട്ടിക്കൊപ്പം ‘തോപ്പില്‍ ജോപ്പന്‍’ സിനിമയില്‍ താരം അഭിനയിച്ചിരുന്നു.

‘സീരിയല്‍ ആര്‍ട്ടിസ്റ്റ് ആയ നവീന്‍ എനിക്ക് ഒരു നമ്പര്‍ തന്നിട്ട്, ‘ഇത് മമ്മൂക്കയുടെ നമ്പറാണ്. ഞാന്‍ ഇതില്‍ എത്ര മെസേജ് ഇട്ടെന്നറിയുമോ, പുള്ളി ഒരിക്കലും മറുപടി തരില്ല’ എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഒരു മെസേജ് അയച്ചു നോക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത്, വെറുതെ രശ്മി നാണം കെടേണ്ട എന്നായിരുന്നു. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ ഒരു പന്തയം പോലെയായി.

അതോടെ അവിടെ ആ സീരിയലില്‍ അഭിനയിക്കുന്നവരൊക്കെ ചുറ്റും കൂടി. രശ്മിക്ക് അത്രയും ഉറപ്പുണ്ടെങ്കില്‍ മമ്മൂക്കക്ക് മെസേജ് അയച്ചു നോക്കെന്ന് അവരും പറഞ്ഞു. അപ്പോള്‍ ഞാന്‍ ‘ഹായ് മമ്മൂക്ക നമസ്‌ക്കാരം. ഞാന്‍ രശ്മിയാണ്. ഓര്‍മ്മയുണ്ടോ. ഞാന്‍ കോമഡിയിലൊക്കെയുണ്ട്’ എന്ന് പറഞ്ഞ് തോപ്പില്‍ ജോപ്പന്‍ സിനിമയുടെ സമയത്ത് എടുത്ത ഇക്കയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ അങ്ങോട്ട് അയച്ചു.

പുള്ളിക്ക് പെട്ടെന്ന് പേര് പറഞ്ഞാല്‍ മനസിലായില്ലെങ്കിലോ എന്ന് കരുതിയായിരുന്നു ഫോട്ടോ അയച്ചത്. എന്നാല്‍ ഫോട്ടോ അയച്ചതും ഉടനെ ഇങ്ങോട്ട് ഒരു സ്‌മൈലി തിരിച്ചയച്ചു. അതോടെ എല്ലാവരും കയ്യടിയും ബഹളവും ആയി.

പിന്നെ എനിക്ക് ഇത് മമ്മൂക്ക തന്നെയാകുമോ, അതോ ആരെങ്കിലും പറ്റിക്കുന്നതാകുമോയെന്ന സംശയമായി. ശ്രീരാജ് എന്ന് പറയുന്ന ഒരു പ്രൊഡ്യൂസര്‍ ഉണ്ട്. പുള്ളിയുമായി ഞാന്‍ നല്ല കമ്പനിയാണ്.

അപ്പോള്‍ ഞാന്‍ ഈ നമ്പര്‍ എടുത്തിട്ട് ആള്‍ക്ക് അയച്ചു കൊടുത്തു. ഇത് ആരുടെ നമ്പര്‍ ആണെന്ന് നോക്കാമോ എന്ന് ചോദിച്ചു. ഉടനെ പുള്ളി ‘അയ്യോ ഇത് മമ്മൂക്കയുടെ പേഴ്‌സണല്‍ നമ്പര്‍ ആണല്ലോ, ഇതെവിടെ നിന്ന് കിട്ടി’ എന്ന് ചോദിച്ചു.

അതോടെ അത് മമ്മൂക്ക തന്നെ ആണെന്ന് എനിക്ക് ഉറപ്പായി. അന്ന് തുടങ്ങി ഞാന്‍ മമ്മൂക്കക്ക് ഇടക്ക് മെസേജ് ഇടാറുണ്ട്. എന്ത് കാര്യം ഉണ്ടെങ്കിലും ഞാന്‍ ഇക്കയോട് പറയാറുണ്ട്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെങ്കില്‍ ഇക്കയോട് ആ കാര്യം പറയും,’ രശ്മി അനില്‍ പറഞ്ഞു.


Content Highlight: Reshmi Anil Talks About Mammootty’s Personal Number