കണ്ണൂര്‍: മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷയും വിധിച്ചു .
തലശേരി ജില്ലാ സെഷന്‍സ് കോടതിയുടേയാണ് ശിക്ഷാവിധി. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ അന്തിമ വിധി വരുന്നത്.
മാര്‍ച്ച് 21ന് കേസിലെ ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കേസിലെ പത്താം പ്രതിയെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. നാഗത്താന്‍കോട്ട പ്രകാശനെയാണ് കോടതി വെറുതെ വിട്ടത്.
സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പ്രതികളാണ് കേസിലുണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്‍, ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ കുറ്റവാളി ടി.കെ. രതീഷ് ഉള്‍പ്പെടെയാണ് സൂരജ് വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ഇതില്‍ പതിനൊന്നാം പ്രതിയുടെ ശിക്ഷയില്‍ മാത്രമേ കോടതി ഇളവ് നല്‍കിയിട്ടുള്ളൂ. കേസിലെ ഒന്നാം പ്രതി അടക്കം രണ്ട് പേര്‍ വിചാരണ കാലയളവില്‍ മരണപ്പെട്ടിരുന്നു.
മരണപ്പെട്ട ഒന്നാംപ്രതി ഷംസുദ്ദീനെ ഒളിവില്‍ പാര്‍പ്പിച്ചു എന്ന കുറ്റമാണ് പതിനൊന്നാം പ്രതിക്കെതിരെ ചുമത്തിയിരുന്നത്. നിലവില്‍ ശിക്ഷിക്കപ്പെട്ട മുഴുവന്‍ പ്രതികളും സി.പി.ഐ.എം പ്രവര്‍ത്തകരാണ്.
2005 ഓഗസ്റ്റ് ഏഴിനാണ് സൂരജിനെ പ്രതികള്‍ വെട്ടി കൊലപ്പെടുത്തിയത്. സി.പി.ഐ.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് സൂരജിന്റെ കൊലപാതകം നടന്നത്.
ഓട്ടോയിലെത്തിയ ഒരു സംഘം ആളുകള്‍ ബോംബെറിഞ്ഞ ശേഷം സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൊലപാതകം, ഗൂഢാലോചന കുറ്റം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
Content Highlight: Muzhappilangad Sooraj murder case: Eight accused get life imprisonment