സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് മൂന്ന് ദിവസം ബാക്കിയുള്ളപ്പോള്‍ തന്നെ പല റെക്കോഡുകളും തകര്‍ത്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറിനും വന്‍ വരവേല്പാണ് ലഭിക്കുന്നത്. എമ്പുരാന്റെ ട്രെയ്‌ലര്‍ പൃഥ്വിരാജ് ആദ്യം കാണിച്ചത് രജിനികാന്തിനെയായിരുന്നു.
രജിനികാന്തിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫര്‍ ചെയ്ത് കഴിഞ്ഞ ശേഷം രജിനികാന്തിനെ നായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്‌തെന്നും എന്നാല്‍ തന്റെ മനസിലുണ്ടായിരുന്ന ഐഡിയ പിച്ച് ചെയ്യാന്‍ കഴിഞ്ഞില്ലായിരുന്നെന്ന് പൃഥ്വിരാജ് പറഞ്ഞു. രജിനികാന്തിന്റെ മകള്‍ സൗന്ദര്യയാണ് തന്നോട് ഒരു സിനിമയുടെ കാര്യം പറഞ്ഞ് കോണ്‍ടാക്ട് ചെയ്തതെന്നും അത് നടക്കാത്തതില്‍ എല്ലാവര്‍ക്കും വിഷമമുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
എമ്പുരാന്റെ ട്രെയ്‌ലര്‍ എഡിറ്റ് ചെയ്ത ശേഷം താന്‍ സൗന്ദര്യയെ കോണ്‍ടാക്ട് ചെയ്‌തെന്നും രജിനികാന്തിനെ കാണിച്ചോട്ടെ എന്ന് ചോദിച്ചെന്നും പൃഥ്വി പറഞ്ഞു. രജിനികാന്ത് അതിന് സമ്മതിച്ചെന്നും താന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനെപ്പോലും കാണിക്കാതെയാണ് താന്‍ രജിനിയെ ട്രെയ്‌ലര്‍ കാണിച്ചതെന്നും അദ്ദേഹം രണ്ട് വട്ടം ആ ട്രെയ്‌ലര്‍ കണ്ടെന്നും പൃഥ്വി പറഞ്ഞു.
അദ്ദേഹത്തിന് ട്രെയ്‌ലര്‍ വളരെ ഇഷ്ടമായെന്നും മോഹന്‍ലാലിനെ വിളിച്ച് ഒരുപാട് നേരം സംസാരിച്ചെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. രജിനികാന്തിന്റെ അടുത്ത് അഞ്ച് മിനിറ്റ് ഇരിക്കുന്നത് ലൈഫ്‌ടൈം മൊമന്റാണെന്നും വല്ലാത്തൊരു ഓറായാണ് അദ്ദേഹത്തിനെന്നും പൃഥ്വിരാജ് പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.
‘ലൂസിഫര്‍ കഴിഞ്ഞപ്പോള്‍ തന്നെ രജിനി സാറെ വെച്ച് ഒരു സിനിമ ചെയ്യാനുള്ള ചാന്‍സ് എനിക്ക് കിട്ടിയിരുന്നു. സൗന്ദര്യ രജിനികാന്ത് വഴിയാണ് ഈ പ്രൊജക്ട് എന്നിലേക്കെത്തിയത്. എന്നാല്‍ ആ ഐഡിയ എനിക്ക് രജിനി സാറെ വച്ച് പിച്ച് ചെയ്യാന്‍ സാധിച്ചില്ല. അത് അപ്പോള്‍ തന്നെ ഉപേക്ഷിക്കേണ്ടി വന്നു. സൗന്ദര്യയുമായുള്ള സൗഹൃദം തുടര്‍ന്നുകൊണ്ടേയിരുന്നു.
എമ്പുരാന്റെ ട്രെയ്‌ലര്‍ എഡിറ്റ് ചെയ്ത് കഴിഞ്ഞപ്പോള്‍ അത് രജിനി സാറെ കാണിക്കണമെന്ന് എനിക്ക് തോന്നി. സൗന്ദര്യ വഴി ഒരു അപ്പോയിന്റ്‌മെന്റ് ശരിയാക്കി. ലാല്‍ സാര്‍ പോലും ആ ട്രെയ്‌ലര്‍ കണ്ടിരുനില്ല. അദ്ദേത്തിന്റെ വീട്ടിലെത്തി ട്രെയ്‌ലര്‍ കാണിച്ചു. രണ്ട് വട്ടം അദ്ദേഹം ട്രെയ്‌ലര്‍ കണ്ടു. അദ്ദേഹത്തിന് വളരെ ഇഷ്ടമായി. ലാല്‍ സാറിനെ ഫോണ്‍ ചെയ്ത് സിനിമയെക്കുറിച്ച് സംസാരിച്ചു. രജിനി സാറിന്റെയടുത്ത് അഞ്ച് മിനിറ്റ് ഇരുന്നാല്‍ തന്നെ അതൊരു ലൈഫ്‌ടൈം മൊമന്റാണ്. വല്ലാത്തൊരു ഓറയാണ് അദ്ദേഹത്തിന്,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj shares the comment of Rajnikanth after he showed Empuraan movie trailer