കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ ടി-20 ലോകകപ്പിുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ബാബര്‍ അസമിനെ നായകനാക്കി 15 അംഗങ്ങളടങ്ങിയ സ്‌ക്വാഡാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ റിസര്‍വ് താരങ്ങളെ പാകിസ്ഥാന്‍ പ്രഖ്യാപിച്ചിട്ടില്ല.
വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാതെയാണ് പാകിസ്ഥാന്‍ സ്‌ക്വാഡ് പുറത്തുവിട്ടിട്ടുള്ളത്. ഇത് ആരാധകര്‍ക്കിടയില്‍ കണ്‍ഫ്യൂഷനുകള്‍ക്ക് കാരണമായിരുന്നു.
മുന്‍ നായകന്‍ ഷഹീന്‍ ഷാ അഫ്രിദിയെ വൈസ് ക്യാപ്റ്റനാക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ താരം ആ ഓഫര്‍ നിരസിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ പാകിസ്ഥാന്‍ ഷഹീന്‍ ഷാ അഫ്രിദിയെ ടീമിന്റെ നായകസ്ഥാനമേല്‍പിച്ചിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്‍ ഷഹീനിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും ബാബറിനെ വീണ്ടും നായകസ്ഥാനമേല്‍പിക്കുകയുമായിരുന്നു.
ഷഹീനിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം കാലഘട്ടമായിരുന്നു അത്. ഇനി വൈസ് ക്യാപ്റ്റന്‍സി കൂടിയേറ്റെടുത്ത് അതിന് ആക്കം കൂട്ടേണ്ട എന്ന നിലപാടാണ് പേസര്‍ക്കുള്ളത്.
ഷഹീനിന് പുറമെ ഷദാബ് ഖാന്‍, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ക്ക് വൈസ് ക്യാപ്റ്റന്‍സി നല്‍കാനുള്ള നിര്‍ദേശം ഉയര്‍ന്നെങ്കിലും ബോര്‍ഡിലെ അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.
വൈസ് ക്യാപ്റ്റന്‍ സ്ഥാനം നിരസിച്ചതോടെ ബോര്‍ഡിനെതിരെ താരത്തിനുള്ള പിണക്കം അവസാനിച്ചിട്ടില്ല എന്നാണ് സൂചനകള്‍. ബാബറിനെ താന്‍ സ്വാഗതം ചെയ്തുവെന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതില്‍ ബോര്‍ഡിനെതിരെ ഷഹീന്‍ ആഞ്ഞടിച്ചിരുന്നു.
ബാബര്‍ അസം (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, അസം ഖാന്‍, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ് അഫ്രിദി, മുഹമ്മദ് ആമിര്‍, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, സയിം അയ്യൂബ്, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രിദി, ഇസ്മാന്‍ ഖാന്‍.