ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തുന്നു; ആരാധകരേ, നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ടേ...
Sports News
ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തുന്നു; ആരാധകരേ, നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ടേ...
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th October 2024, 1:21 pm

 

ഇന്ത്യ – ബംഗ്ലാദേശ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് സഞ്ജു സാംസണ്‍ ആരാധകരുടെ കയ്യടികളേറ്റുവാങ്ങിയത്. അടുത്ത മത്സരത്തിലും തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം.

സഞ്ജു നാഷണല്‍ ഡ്യൂട്ടിയില്‍ തുടരുമ്പോള്‍ കേരളം രഞ്ജിക്കുള്ള മുന്നൊരുക്കത്തിലാണ്. ഒക്ടോബര്‍ 11നാണ് കേരളം രഞ്ജി ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്.

ഒക്ടോബര്‍ 12നാണ് ബംഗ്ലാദേശിനെതിരെ നടക്കുന്ന പരമ്പരയിലെ അവസാന മത്സരമെന്നതിനാല്‍ കേരളത്തിന്റെ ആദ്യ മത്സരത്തില്‍ സഞ്ജു ടീമിന്റെ ഭാഗമല്ല. പകരം സൂപ്പര്‍ താരം സച്ചിന്‍ ബേബിയാണ് കേരളത്തെ നയിക്കുന്നത്.

എന്നാല്‍ രഞ്ജിയിലെ രണ്ടാം മത്സരത്തില്‍ സഞ്ജു കേരള ക്യാമ്പില്‍ മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട്. ക്രിക്ട്രാക്കറാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പേര് വെളിപ്പെടുത്തില്ല എന്ന ഉറപ്പിന്‍മേല്‍ ഒരു ഉദ്യോഗസ്ഥന്റെ വാക്കുകളെ ഉദ്ധരിച്ചാണ് ക്രിക്ട്രാക്കര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നവംബറില്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടക്കുന്ന പരമ്പരക്ക് മുമ്പായി താരം കേരള ടീമിന്റെ ഭാഗമാകുമെന്നും മത്സരങ്ങള്‍ കളിക്കുമെന്നുമാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

ആഭ്യന്തര തലത്തില്‍ മികച്ച ഫോമില്‍ തുടരുകയാണ് സഞ്ജു. ഇക്കഴിഞ്ഞ ദുലീപ് ട്രോഫിയില്‍ 49.00 ശരാശരിയിലും 95.60 സ്‌ട്രൈക്ക് റേറ്റിലും 196 റണ്‍സാണ് താരം നേടിയത്. ഒരു സെഞ്ച്വറിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. താരത്തിന്റെ ഈ മിന്നും ഫോം രണ്ടാം മത്സരത്തില്‍ കേരളത്തിന് കരുത്താകുമെന്നാണ് കരുതുന്നത്.

ഒക്ടോബര്‍ 18നാണ് കേരളത്തിന്റെ രണ്ടാം മത്സരം. കരുത്തരായ കര്‍ണാടകയാണ് എതിരാളികള്‍. കെ.എസ്.സി.എ ക്രിക്കറ്റ് ഗ്രൗണ്ട് 2 ആണ് വേദി.

അതേസമയം, ഒക്ടോബര്‍ 11ന് തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ കേരളം പഞ്ചാബിനെ നേരിടും.

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിനുള്ള കേരള ടീം:

സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അഹസ്റുദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, വിഷ്ണു വിനോദ്, ജലജ് സക്സേന, ആദിത്യ ആനന്ദ്, ബേസില്‍ തമ്പി, നിധീഷ് എം.ഡി. ആസിഫ് കെ.എം. ഫാനൂസ് എഫ്.

രഞ്ജിയില്‍ മത്സരങ്ങളിങ്ങനെ

ഒക്ടോബര്‍ 11നാണ് രഞ്ജി ട്രോഫിയുടെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 30ഓടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. ഫെബ്രുവരി എട്ടിനാണ് നോക്കൗട്ട് മത്സരങ്ങള്‍ ആരംഭിക്കുന്നത്. നാല് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും ഫെബ്രുവരി എട്ടിന് നടക്കും.

ഫെബ്രുവരി 17നാണ് രണ്ട് സെമിയും അരങ്ങേറുക. 26നാണ് കലാശപ്പോരാട്ടം.

മുന്‍ സീസണിന് സമാനമായി രഞ്ജി ട്രോഫി മത്സരങ്ങള്‍ രാവിലെ 9:30നാണ് ആരംഭിക്കുന്നത്. ലീഗ് സ്റ്റേജ് മത്സരങ്ങള്‍ നാലുദിവസത്തെ ഫോര്‍മാറ്റ് ആയി നിലനില്‍ക്കും. അതേസമയം നോക്കൗട്ട് റൗണ്ടുകള്‍ ടെസ്റ്റ് മത്സരമായി തന്നെ നടക്കും.

കേരളത്തിന്റെ പ്രതീക്ഷകള്‍

രഞ്ജിയില്‍ തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നത്. പുതിയ സീസണില്‍ എലീറ്റ് ഗ്രൂപ്പ് സി-യിലാണ് കേരളത്തിന്റെ സ്ഥാനം.

കര്‍ണാടകയും ബംഗാളും അടക്കമുള്ള വമ്പന്‍ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. ഇത്തവണ ഗ്രൂപ്പ് ഘട്ടം കടന്ന് മുമ്പോട്ട് കുതിക്കണമെങ്കില്‍ കേരളത്തിന് ഏറെ പാടുപെടേണ്ടി വരും.

കഴിഞ്ഞ സീസണില്‍ കേരളം

കഴിഞ്ഞ തവണ എലീറ്റ് ഗ്രൂപ്പ് ബി-യിലായിരുന്നു കേരളത്തിന്റെ സ്ഥാനം. കഴിഞ്ഞ തവണ ഗ്രൂപ്പിനപ്പുറം കടക്കാന്‍ സാധിക്കാതെ പോയ സഞ്ജുപ്പടയ്ക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

ഏഴ് കളിയില്‍ നിന്നും ഒരു ജയവും അഞ്ച് സമനിലയും ഒരു തോല്‍വിയുമടക്കം 17 പോയിന്റാണ് കേരളത്തിനുണ്ടായിരുന്നത്.

എന്നാല്‍ ഇത്തവണ കിരീടം സ്വന്തമാക്കണമെന്ന നിശ്ചയത്തോടെയാണ് കേരളം കളത്തിലിറങ്ങുന്നത്.

രഞ്ജി ട്രോഫി 2025 ടീമുകള്‍

എലീറ്റ് ഗ്രൂപ്പ് എ

ബറോഡ
ജമ്മു കശ്മീര്‍
മഹാരാഷ്ട്ര
മേഘാലയ
മുംബൈ
ഒഡീഷ
സെര്‍വീസസ്
തമിഴ്‌നാട്

എലീറ്റ് ഗ്രൂപ്പ് ബി

ആന്ധ്ര പ്രദേശ്
ഗുജറാത്ത്
ഹിമാചല്‍ പ്രദേശ്
ഹൈദരാബാദ്
പുതുച്ചേരി
രാജസ്ഥാന്‍
ഉത്തരാഖണ്ഡ്
വിദര്‍ഭ

എലീറ്റ് ഗ്രൂപ്പ് സി

ബംഗാള്‍
ബീഹാര്‍
ഹരിയാന
കര്‍ണാടക
കേരളം
മധ്യപ്രദേശ്
പഞ്ചാബ്
ഉത്തര്‍പ്രദേശ്

എലീറ്റ് ഗ്രൂപ്പ് ഡി

അസം
ചണ്ഡിഗഢ്
ഛത്തീസ്ഗഢ്
ദല്‍ഹി
ജാര്‍ഖണ്ഡ്
റെയില്‍വേയ്‌സ്
സൗരാഷ്ട്ര
തമിഴ്‌നാട്

പ്ലേറ്റ് ഗ്രൂപ്പ്

അരുണാചല്‍ പ്രദേശ്
ഗോവ
മണിപ്പൂര്‍
മിസോറാം
നാഗാലാന്‍ഡ്
സിക്കിം

 

Content highlight: Reports says, Sanju Samson will return to the team for Kerala’s second match in the Ranji Trophy