Entertainment
പത്തുപേരെ ഒറ്റയ്ക്ക് അടിച്ചിടുന്ന പടങ്ങളെക്കാള്‍ അങ്ങനെയുള്ള സിനിമകളാണ് രജിനി ചെയ്യേണ്ടതെന്ന് മമ്മൂട്ടി സാര്‍ അന്ന് എന്നോട് പറഞ്ഞു: ജീവ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 02, 10:03 am
Sunday, 2nd March 2025, 3:33 pm

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് ജീവ. ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന ജീവ 2003ല്‍ പുറത്തിറങ്ങിയ ആസൈ ആസൈയായ് എന്ന ചിത്രത്തിലൂടെയാണ് ജീവ നായകനായി അരങ്ങേറിയത്. മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തിചക്ര എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കിടയിലും ജീവ ശ്രദ്ധേയനായി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ ജീവക്ക് സാധിച്ചു.

തെലുങ്കിലെ സമകാലിക രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു യാത്ര 2. വൈ.എസ്. രാജശേഖര്‍ റെഡ്ഡിയുടെയും മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും രാഷ്ട്രീയജീവിതം പറഞ്ഞ ചിത്രമായിരുന്നു യാത്ര 2. ജഗന്‍ മോഹന്‍ റെഡ്ഡിയായി ജീവ വേഷമിട്ടപ്പോള്‍ വൈ.എസ്.ആറായി മമ്മൂട്ടി അതിഥിവേഷത്തിലെത്തിയിരുന്നു. മമ്മൂട്ടിയുമായുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജീവ.

മമ്മൂട്ടി സെറ്റില്‍ എപ്പോഴും ജോളിയായിട്ടാണ് ഇരിക്കാറുള്ളതെന്ന് ജീവ പറഞ്ഞു. എന്നാല്‍ അദ്ദേഹം ജോളിയാണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയുള്ളൂവെന്നും മറ്റുള്ളവര്‍ക്ക് അത് പെട്ടെന്ന് മനസിലാകില്ലെന്നും ജീവ കൂട്ടിച്ചേര്‍ത്തു. ഒരുമിച്ച് സംസാരിച്ച സമയത്ത് തമിഴിലെ പുതിയ സിനിമകളെക്കുറിച്ചായിരുന്നു മമ്മൂട്ടി സംസാരിച്ചതെന്നും ജീവ പറഞ്ഞു.

രജിനികാന്തിന്റെ ജയിലര്‍ സിനിമയെപ്പറ്റി മമ്മൂട്ടി ഒരുപാട് സംസാരിച്ചെന്നും അദ്ദേഹത്തിന് ആ സിനിമ വളരെ ഇഷ്ടമായെന്ന് പറഞ്ഞെന്നും ജീവ കൂട്ടിച്ചേര്‍ത്തു. പത്തുപേരെ ഒറ്റയ്ക്ക് അടിച്ചിടുന്ന സിനിമകളെക്കാള്‍ ജയിലര്‍ പോലുള്ള സിനിമകളാണ് രജിനി ഇനി ചെയ്യേണ്ടതെന്നും നെല്‍സണ്‍ വളരെ മനോഹരമായി രജിനിയെ പ്രസന്റ് ചെയ്‌തെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടെന്ന് ജീവ പറഞ്ഞു. ഒരു കോ ആക്ടറെ എത്രമാത്രം അഭിനന്ദിക്കാമെന്ന പാഠം മമ്മൂട്ടിയില്‍ നിന്ന് പഠിച്ചെന്നും ജീവ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ ചാനലിനോട് സംസാരിക്കുകയായിരുന്നു ജീവ.

‘മമ്മൂട്ടി സാര്‍ സെറ്റില്‍ എപ്പോഴും ജോളിയായിട്ടാണ് ഇരിക്കാറുള്ളത്. എന്നാല്‍ അദ്ദേഹം ജോളിയായാണ് ഇരിക്കുന്നതെന്ന് വേറെ ആര്‍ക്കും മനസിലാകില്ല. മമ്മൂട്ടി സാറുമായി സംസാരിച്ചിരിക്കാന്‍ നല്ല രസമാണ്. എല്ലാ സിനിമകളും അദ്ദേഹം കണ്ടിട്ടുണ്ട്. അതിനെപ്പറ്റിയെല്ലാം അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്.

യാത്ര 2വിന്റ ലൊക്കേഷനില്‍ അദ്ദേഹം കൂടുതലും സംസാരിച്ചത് ജയിലറിനെപ്പറ്റിയായിരുന്നു. ‘രജിനി വളരെ മനോഹരമായി ആ സിനിമ ചെയ്തിട്ടുണ്ട്. ഒറ്റയ്ക്ക് പത്തുപേരെ അടിച്ചിടുന്നതിനെക്കാള്‍ ജയിലറില്‍ ചെയ്തതുപോലുള്ള ആക്ഷനുകളാണ് അദ്ദേഹത്തിന് ചേരുന്നത്. വെറുതേ നോക്കുമ്പോള്‍ ബ്ലാസ്റ്റ് നടക്കുന്ന സീനെല്ലാം ഗംഭീരമായിരുന്നു. നെല്‍സണ്‍ മനോഹരമായി രജിനിയെ പ്രസന്റ് ചെയ്തിട്ടുണ്ട്’ എന്നാണ് മമ്മൂട്ടി സാര്‍ പറഞ്ഞത്. ഒരു കോ ആക്ടറെ ഇപ്പോഴും യാതൊരു മടിയുമില്ലാതെ അഭിനന്ദിക്കാന്‍ കഴിയുന്നത് വലിയ കാര്യമാണ്,’ ജീവ പറഞ്ഞു.

Content Highlight: Jiiva saying Mammootty speaks a lot about Jailer movie and Rajniknath’s performance during Yathra 2