വളരെ പാക്ഡ് ആയ ക്രിക്കറ്റ് കലണ്ടറാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്. ഇനിയുള്ള നാല് മാസത്തിനിടെ അഞ്ച് പരമ്പരകളാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. അതില്‍ മൂന്നെണ്ണമാകട്ടെ ടെസ്റ്റ് പരമ്പരകളും.
ഈ ടെസ്റ്റ് പരമ്പരകള്‍ക്ക് മുന്നോടിയായി എല്ലാവരും ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് അപെക്‌സ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇന്ത്യക്കൊപ്പം സെന്‍ട്രല്‍ കോണ്‍ട്രാക്ടുള്ള എല്ലാ താരങ്ങളോടും ദുലീപ് ട്രോഫിക്കായി കളത്തിലിറങ്ങാനും ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ദുലീപ് ട്രോഫിക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാസംണിന്റെ പേര് തിരഞ്ഞവര്‍ക്ക് നിരാശ മാത്രമാണ് ലഭിച്ചത്. ശ്രീലങ്കക്കെതിരെ നടന്ന പരമ്പരയിലെ മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായതെന്ന് വിലയിരുത്തപ്പെട്ടു. തിരിച്ചുവരവിനായി സഞ്ജുവിന് ദുലീപ് ട്രോഫിയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണെന്നിരിക്കെയാണ് അദ്ദേഹത്തെ പുറത്തിരുത്തിയത്.
എന്നാല്‍ ഇപ്പോഴിതാ സഞ്ജുവിനെ തഴഞ്ഞതല്ലെന്നും വിശ്രമം അനുവദിച്ചതാണ് എന്നെല്ലാമുള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ലോകകപ്പിന് ശേഷം നടന്ന ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനം ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം എന്നിവയിലെല്ലാം സഞ്ജു ടി-20 ടീമിന്റെ ഭാഗമായിരുന്നു.
അതുകൊണ്ടുതന്നെ സഞ്ജു വിശ്രമം ആവശ്യപ്പെട്ടതിനാലാണ് ദുലീപ് ട്രോഫിയിലെ ആദ്യ മത്സരങ്ങളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.
എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളെല്ലാം ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയുടെ ഭാഗമാകും. ഇതോടെ ദുലീപ് ട്രോഫി ടീമില്‍ മാറ്റം വരുത്തേണ്ടതായും വരും. ഇന്ത്യയുടെ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സഞ്ജുവിന് നിലവില്‍ റോളില്ലാത്തിനാല്‍ അദ്ദേഹം ദുലീപ് ട്രോഫിയില്‍ കളിച്ചേക്കുമെന്നാണ് വിവരം.
നിലവിലെ സാഹചര്യത്തില്‍ ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരക്കുള്ള ടീമിലും സ്ഥാനം നേടാന്‍ സഞ്ജു പാടുപെടേണ്ടി വരും. ദുലീപ് ട്രാഫിയിലെ അവസാന മത്സരങ്ങളില്‍ തിളങ്ങിയാല്‍ സഞ്ജുവിന് മുമ്പില്‍ പ്രതീക്ഷയുടെ വാതില്‍ ചെറുതായെങ്കിലും തുറന്നിടും.