കൊൽക്കത്തയെ രണ്ട് വട്ടം ചാമ്പ്യന്മാരാക്കിയവൻ പുറത്തേക്ക്; 2025ലേക്കുള്ള പടവെട്ട് തുടങ്ങി പഞ്ചാബ്
Cricket
കൊൽക്കത്തയെ രണ്ട് വട്ടം ചാമ്പ്യന്മാരാക്കിയവൻ പുറത്തേക്ക്; 2025ലേക്കുള്ള പടവെട്ട് തുടങ്ങി പഞ്ചാബ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th July 2024, 11:15 am

2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ ലേലത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഏതെല്ലാം താരങ്ങള്‍ ടീം വിടുമെന്നും പുതിയ ടീമില്‍ ചേരുമെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍.

ഇപ്പോഴിതാ പുതിയ സീസണിലേക്കായി പഞ്ചാബ് കിങ്സ് പുതിയ പരിശീലകനെ തേടുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ക്രിക് ബസിന്റെ റിപ്പോര്‍ട്ട് പ്രകാരം പഞ്ചാബ് നിലവിലെ പരിശീലകനായ ട്രവര്‍ ബെയ്‌ലിസിന്റെ കരാര്‍ പുതുക്കാന്‍ സാധ്യതയില്ലെന്നാണ് പറയുന്നത്.

ബെയ്‌ലിസിന്റെ ടീമിനൊപ്പമുള്ള കരാര്‍ രണ്ട് വര്‍ഷക്കാലമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ബെയ്‌ലിസിന്റെ പരിശീലകസ്ഥാനത്തുള്ള കരാര്‍ അവസാനിച്ച സാഹചര്യത്തിലാണ് പഞ്ചാബ് പുതിയ കോച്ചിനെ തേടുന്നത്. പരിശീലകനെന്ന നിലയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് തവണ ചാമ്പ്യന്മാരാക്കാന്‍ ബെയ്‌ലിസിന് സാധിച്ചിരുന്നു. 2012, 2014 സീസണുകള്‍ ആയിരുന്നു കൊല്‍ക്കത്തയെ ബെയ്‌സ് കിരീടനേട്ടത്തിലേക്ക് നയിച്ചത്.

ഒരു ഇന്ത്യന്‍ പരിശീലകനെയാണ് പഞ്ചാബ് പുതിയതായി നിയമിക്കാന്‍ താല്പര്യപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ആയ സഞ്ജയ് ബംഗാറിനെയാണ് പഞ്ചാബ് പുതിയ കോച്ചിങ് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.

അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു കിരീടം പോലും നേടിയെടുക്കാന്‍ പഞ്ചാബിന് സാധിച്ചിട്ടില്ല. 17 വര്‍ഷത്തിനുള്ളില്‍ ഒരുതവണ മാത്രമാണ് പഞ്ചാബ് ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. 2014 ഐ.പി.എല്ലിന്റെ കലാശ പോരാട്ടത്തില്‍ പഞ്ചാബിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ട് കിരീടം നഷ്ടമാവുകയായിരുന്നു. ഇതിനുശേഷം ഒരുതവണ പോലും പഞ്ചാബിന് പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ നിരാശാജനകമായ പ്രകടനമായിരുന്നു പഞ്ചാബ് നടത്തിയിരുന്നത്. 14 മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ഒമ്പത് തോല്‍വിയും അടക്കം പത്ത് പോയിന്റോടെ ഒമ്പതാം സ്ഥാനത്തായിരുന്നു പഞ്ചാബ് ഫിനിഷ് ചെയ്തിരുന്നത്.

അതുകൊണ്ടുതന്നെ 2025 പുതിയ സീസണില്‍ ടീമില്‍ അഴിച്ചുപണികള്‍ നടത്തിക്കൊണ്ട് തങ്ങളുടെ നീണ്ട വര്‍ഷക്കാലത്തെ കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ആയിരിക്കും പഞ്ചാബ് ലക്ഷ്യമിടുക.

 

Content Highlight: Reports Says Punjab Kings Are Searching For a New Indian Coach For 2025 IPL