മെസിയെയും നെയ്മറിനെയും പുറത്താക്കി ഹാലണ്ടിനെ കൊണ്ടുവരാന്‍ പി.എസ്.ജി; മുടക്കുന്നത് റെക്കോഡ് തുക; റിപ്പോര്‍ട്ട്
Sports News
മെസിയെയും നെയ്മറിനെയും പുറത്താക്കി ഹാലണ്ടിനെ കൊണ്ടുവരാന്‍ പി.എസ്.ജി; മുടക്കുന്നത് റെക്കോഡ് തുക; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th March 2023, 10:29 pm

ഈ സമ്മറില്‍ മെസിക്കും നെയ്മറിനും പകരക്കാരനായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിനെ ടീമിലെത്തിക്കാന്‍ പാരീസ് സെന്റ് ഷെര്‍മാങ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഹാലണ്ടിനായി 200 മില്യണ്‍ യൂറോ മുടക്കാന്‍ ക്ലബ്ബ് തയ്യാറാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മാര്‍ക്കയെ ഉദ്ധരിച്ച് സ്പാനിഷ് ഔട്ട്‌ലെറ്റായ ലാ റസോണ്‍ (La Razon) ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രസീല്‍ ഇന്റര്‍നാഷണല്‍ നെയ്മറിന്റെ തുടര്‍ച്ചയായ പരിക്കില്‍ ടീം തീര്‍ത്തും നിരാശരാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പി.എസ്.ജിയുടെ കഴിഞ്ഞ അഞ്ച് മത്സരത്തിലും നെയ്മര്‍ കളിച്ചിരുന്നില്ല. കണങ്കാലിനേറ്റ പരിക്കാണ് താരത്തെ പിന്നോട്ട് വലിച്ചത്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന നെയ്മറിന് ഈ സീസണ്‍ മുഴുവന്‍ നഷ്ടമാകും.

നിര്‍ണായക മത്സരങ്ങളില്‍ നെയ്മറിന്റെ അഭാവവും അപ്രതീക്ഷിതമായ തോല്‍വികളും ഫ്രഞ്ച് വമ്പന്‍മാരെ ഏറെ നിരാശയിലാക്കുന്നുണ്ട്.

2017ല്‍ ബാഴ്‌സയില്‍ നിന്നും പി.എസ്.ജിയില്‍ എത്തിയ ശേഷം ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍ കാരണം 107 മത്സരങ്ങളാണ് നെയ്മറിന് ഇതുവരെ നഷ്ടമായത്. 2025 സമ്മര്‍ വരെയാണ് നെയ്മറിന് പി.എസ്.ജിയുമായി കരാറുള്ളത്. അതിനാല്‍ തന്നെ നെയ്മറിന്റെ റിലീസിലൂടെ വലിയ തുക പി.എസ്.ജി പ്രതീക്ഷിക്കുന്നുമുണ്ട്.

സമീപകാലത്തെ മെസിയുടെ പ്രകടനവും ക്ലബ്ബിന് മുമ്പില്‍ ചോദ്യ ചിഹ്നമാകുന്നുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ 3-0 എന്ന അഗ്രഗേറ്റ് സ്‌കോറിന് തോറ്റ് പുറത്താകേണ്ടി വന്നതും ലീഗ് വണ്ണില്‍ റെന്നെസിനെതിരായ തോല്‍വിയും ടീമിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് പി.എസ്.ജി തോല്‍വിയേറ്റുവാങ്ങിയത്.

ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തി ഈ സമ്മറില്‍ ഇരുവരെയും ഓഫ് ലോഡ് ചെയ്യാനും മുന്നേറ്റ നിരയില്‍ എംബാപ്പെക്കൊപ്പം ഹാലണ്ടിനെ കൊണ്ടുവരാനുമാണ് ക്ലബ്ബ് ഒരുങ്ങുന്നതെന്നാണ് ലാ റസോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സന്തോഷവാനല്ല എന്നാണ് തോന്നുന്നത്. അവന് മികച്ച രീതിയില്‍ കളിക്കനാകുന്നില്ല, മത്സരങ്ങളും അവനെ ഫേവര്‍ ചെയ്യുന്നില്ല.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിനാല്‍ ഖത്താരികളുടെ ഉടമസ്ഥതയിലേക്കുള്ള ഒരു ക്ലബ്ബിലേക്ക് മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ താരത്തെ വില്‍ക്കാന്‍ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്,’ ജേര്‍ണലിസ്റ്റ് ഡാനിയല്‍ റിയോലോ ആര്‍.എം.സി സ്‌പോര്‍ട്ടിനോട് പറഞ്ഞു.

അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് ഗോളടി തുടരുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ ആര്‍.ബി ലീപ്‌സീഗിന്റെ വലയിലേക്ക് അഞ്ച് ഗോളടിച്ച് നിറച്ച ഹാലണ്ട്, എഫ്.എ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബേണ്‍ലിക്കെതിരെയും ഹാട്രിക് തികച്ചിരുന്നു. എതിരില്ലാത്ത ആറ് ഗോളിനായിരുന്നു സിറ്റി ബേണ്‍ലിയെ പരാജയപ്പെടുത്തിയത്.

 

Content Highlight: Reports says PSG is willing to sign Erling Haaland