കാലങ്ങൾക്ക് ശേഷം ഇന്ത്യൻ സൂപ്പർതാരം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു; ഇനി വമ്പൻ പോരാട്ടങ്ങൾ
Cricket
കാലങ്ങൾക്ക് ശേഷം ഇന്ത്യൻ സൂപ്പർതാരം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു; ഇനി വമ്പൻ പോരാട്ടങ്ങൾ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th August 2024, 10:35 am

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ മുഹമ്മദ് ഷമി വരാനിരിക്കുന്ന രഞ്ജി ട്രോഫിയില്‍ ബംഗാളിനായി കളിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രഞ്ജി ട്രോഫിയുടെ വരാനിരിക്കുന്ന സീസണിലേക്കുള്ള ബംഗാള്‍ ടീമിലെ 31 താരങ്ങളുടെ സാധ്യത പട്ടികയില്‍ ഷമി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. രഞ്ജിയുടെ പുതിയ സീസണില്‍ ഒക്ടോബര്‍ 11ന് ഉത്തര്‍പ്രദേശിനെതിരെയും ഒക്ടോബര്‍ 18ന് ബിഹാറിനെതിരെയുമുള്ള മത്സരങ്ങളില്‍ ഷമി കളിക്കുമെന്നും വാര്‍ത്തകള്‍ നിലനില്‍ക്കുന്നുണ്ട്.

2023 ഐ.സി.സി ഏകദിന ലോകകപ്പിലായിരുന്നു ഷമിക്ക് പരിക്കേറ്റത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നു. ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു അവസാനമായി ഇന്ത്യന്‍ ടീമിനുവേണ്ടി പന്തെറിഞ്ഞത്.

ലോകകപ്പ് കഴിഞ്ഞതിന് ശേഷം നടന്ന ഇംഗ്ലണ്ടിനെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയുമുള്ള ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഷമിക്ക് നഷ്ടമാവുകയായിരുന്നു. ഇതിനു പുറമെ 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗും താരത്തിന് നഷ്ടമായി. 2023 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഷമി നടത്തിയിരുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്നും 5.26 എന്ന മികച്ച എക്കണോമിയില്‍ 24 വിക്കറ്റുകള്‍ ആയിരുന്നു താരം നേടിയിരുന്നത്.

നിലവില്‍ ഇനി ഇന്ത്യയുടെ മുന്നില്‍ ഉള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതലാണ് ഈ പരമ്പരക്ക് തുടക്കം കുറിക്കുന്നത്. നീണ്ട ഇടവേള മുന്നില്‍ ഉള്ളതിനാല്‍ ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളെല്ലാം ദുലീപ് ട്രോഫിയില്‍ കളിക്കും.

ഈ പരമ്പരക്ക് ശേഷം ഒക്ടോബര്‍ മാസത്തില്‍ ന്യൂസിലാന്‍ഡിനെതിരെയും ഇന്ത്യക്ക് പരമ്പരയുണ്ട്. പിന്നീട് നവംബറില്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും നടക്കും.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര സ്വന്തമാക്കാനായിരിക്കും ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് നവംബറില്‍ വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ ഷെല്‍ഫിലാണ്.

ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്. അതുകൊണ്ടുതന്നെ കങ്കാരുപടയ്‌ക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര ആയിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറുഭാഗത്ത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും നഷ്ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ നേടാനുമായിരിക്കും കങ്കാരുപ്പട അണിനിരക്കുക.

 

Content Highlight: Reports Says Muhammed Shami Play In Ranji Trophy