ബാഴ്സയുടെ പഴയ മുന്നേറ്റനിര തിരിച്ചുവരുന്നു; മെസിയും സുവാരസും വീണ്ടും ഒന്നിക്കുന്നു, റിപ്പോര്‍ട്ടുകള്‍
ലയണല്‍ മെസിയും ലൂയിസ് സുവാരസും വീണ്ടും ഒന്നിക്കുന്നു. മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയില്‍ ലൂയിസ് സുവാരസ് കളിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അടുത്ത സീസണിലേക്ക് സുവാരസുമായി ക്ലബ്ബ് പുതിയ കരാര്‍ അംഗീകരിച്ചുവെന്നാണ് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉറുഗ്വന്‍ സൂപ്പര്‍താരം ലൂയിസ് സുവാരസും അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയും സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയോടൊപ്പം ആറ് സീസണുകളില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ബാഴ്സ താരങ്ങളായ ജോഡി അല്‍ബ സെര്‍ജിയൊ ബസ്‌ക്വറ്റ്‌സ് എന്നീ താരങ്ങളും നേരത്തെ ഇന്റര്‍ മയാമിയില്‍ ചേര്‍ന്നിരുന്നു.
ബാഴ്സലോണക്ക് വേണ്ടി ആറ് സീസണുകളില്‍ ബൂട്ട് കെട്ടിയ സുവാരസ് 254 മത്സരങ്ങളില്‍ നിന്നും 198 ഗോളുകളാണ് ബാഴ്സക്ക് വേണ്ടി അടിച്ചുകൂട്ടിയത്. സ്പാനിഷ് ക്ലബ്ബിനൊപ്പം നാല് ലാ ലിഗ കിരീടങ്ങളും രണ്ട് സ്പാനിഷ് സൂപ്പര്‍ കപ്പും ഒരു ചാമ്പ്യന്‍സ് ലീഗും താരം നേടിയിട്ടുണ്ട്.
ഇടക്കാലത്ത് സുവാരസ് അത്ലറ്റികോ മാഡ്രിന് വേണ്ടിയും ബൂട്ട് കെട്ടിയിരുന്നു. നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഗ്രമിയൊയുടെ താരമാണ് സുവാരസ്. ഗ്രമിയൊയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെയാണ് സുവാരസ് മിയാമിയില്‍ മെസിക്കൊപ്പം പന്ത് തട്ടാന്‍ ഒരുങ്ങുന്നത്.
പഴയ ബാഴ്സയിലെ സൂപ്പര്‍താരങ്ങള്‍ വീണ്ടും ഒരുമിക്കുമ്പോള്‍ ബാഴ്സയില്‍ സൃഷ്ടിച്ച പോലുള്ള അവിസ്മരണീയമായ നിമിഷങ്ങള്‍ ഇന്റര്‍ മയാമിയിലും ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Reports says Luis Suarez will join Inter miami.