പി.എസ്.ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും മുന്‍ ക്ലബ്ബ് എഫ്.സി ബാഴ്‌സലോണയുമായുള്ള ബന്ധങ്ങള്‍ക്ക് ശക്തിയേറുന്നു. താരം തിരികെ ക്യാമ്പ് നൗവിലെത്താനുള്ള സാധ്യതകള്‍ വര്‍ധിച്ചതായി ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാഴ്‌സയുടെ സാമ്പത്തിക പ്രതിസന്ധിയാണ് മെസിയുടെ പി.എസ്.ജിയിലേക്കുള്ള കൊഴിഞ്ഞുപോക്കിന് കാരണമായത്. ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും വികാരനിര്‍ഭരമായ ട്രാന്‍സ്ഫറായിരുന്നു മെസിയുടേത്.
രണ്ട് വര്‍ഷത്തേക്ക് പി.എസ്.ജിയുമായി കരാറൊപ്പിട്ടാണ് കറ്റാലന്‍മാര്‍ക്കൊപ്പമുള്ള തന്റെ 16 വര്‍ഷത്തെ ഐതിഹാസികമായ കരിയറിന് താരം വിരാമമിട്ടത്.
തുടര്‍ന്ന് ബാഴ്‌സയും മെസിയും തമ്മിലുള്ള ബന്ധവും അത്രകണ്ട് നല്ലതായിരുന്നില്ല. ഇരുവര്‍ക്കുമിടയിലുള്ള കമ്മ്യൂണിക്കേഷനുകള്‍ പോലും തണുപ്പന്‍ മട്ടിലായിരുന്നു. എന്നാലിപ്പോള്‍ മെസിയെ തിരിച്ചുകൊണ്ടുവരാന്‍ തന്നെയാണ് ടീം ശ്രമിക്കുന്നതെന്നാണ് ജോവാന്‍ ലപോര്‍ട പറയുന്നത്.
മെസിയും ബാഴ്‌സയും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിയിട്ടില്ല എന്നും അത് മെച്ചപ്പെട്ടിട്ടുണ്ടെന്നും ഗെമ്മ സോളര്‍ ഇ.എസ്.പി.എന്നിനോട് പറഞ്ഞു. മെസിയുടെ തിരിച്ചുവരവിനായുള്ള മുന്നൊരുക്കള്‍ ആരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബാഴ്‌സ വിട്ട് പി.എസ്.ജിയിലെത്തിയ മെസിക്ക് തന്റെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ ടീമിന് വേണ്ടി 34 മത്സരം കളിച്ച മെസി 11 ഗോളും 15 അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
റൗണ്ട് ഓഫ് 16ല്‍ റയല്‍ മാഡ്രിഡിനോട് 3-1ന് പി.എസ്.ജി തോറ്റ മത്സരത്തില്‍ മെസിയുടെ മോശം പ്രകടനം വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. തൊട്ടടുത്ത മത്സരത്തില്‍ പി.എസ്.ജി ആരാധകര്‍ തന്നെ മെസിയെ കൂവിവിളിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ സീസണില്‍ മികച്ച തുടക്കമാണ് മെസിക്ക് ലഭിച്ചത്. മൂന്ന് മത്സരം കളിച്ച മെസി മൂന്ന് ഗോളും ഒരു അസിസ്റ്റും നേടിയാണ് സീസണിന്റെ തുടക്കം ഗംഭീരമാക്കിയത്.
അടുത്ത ജൂണില്‍ മെസിയും പി.എസ്.ജിയുമായുള്ള കരാര്‍ കഴിയാനാണ് ബാഴ്‌സയിപ്പോള്‍ നോക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ഫ്രാന്‍സില്‍ താരത്തിന്റെ കരിയര്‍ അവസാനിക്കുന്നതോടെ ബാഴ്‌സ വീണ്ടും മെസിക്കായി എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.