Football
ഇതിഹാസങ്ങൾ ഒന്നിക്കുന്നു, മെസിക്കൊപ്പം പന്തുതട്ടാൻ റൊണാൾഡോ ഇന്റർ മയാമിയിലേക്ക്? റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 11, 11:08 am
Saturday, 11th May 2024, 4:38 pm

പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമി സൈന്‍ ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.  സൗദി അറേബ്യയിലെ മാധ്യമപ്രവര്‍ത്തകനായ അബ്ദുല്‍ അസീസ് റിപ്പോര്‍ട്ട് പ്രകാരം അല്‍ നസര്‍ സൂപ്പര്‍ താരം റൊണാള്‍ഡോയെ 2025ല്‍ ഇന്റര്‍ മയാമിയില്‍ എത്തിക്കാന്‍ ബന്ധപ്പെട്ടതായെന്നാണ് പറയുന്നത്.

റൊണാള്‍ഡോ 2022ല്‍  മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ഒരു ഫ്രീ ട്രാന്‍സ്ഫര്‍ ആയാണ് അല്‍ നസറില്‍ എത്തിയത്. സൗദി വമ്പന്മാര്‍ക്കൊപ്പം രണ്ടര വര്‍ഷത്തെ കരാറില്‍ ആയിരുന്നു റൊണാള്‍ഡോ ഉണ്ടായിരുന്നത്.

2025 സമ്മര്‍ വരെയാണ് റൊണാള്‍ഡോ അല്‍ നസറുമായി കരാറുള്ളത്. നിലവില്‍ റൊണാള്‍ഡോ മായുള്ള കരാര്‍ അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രമേ ഇനി മുന്നിലുള്ളൂ.

ഫുട്‌ബോള്‍ കരിയറില്‍ റൊണാള്‍ഡോയും മെസ്സിയും ഇതുവരെ ഒരു ക്ലബ്ബിലും ഒരുമിച്ച് കളിച്ചിട്ടില്ല. 2025ല്‍ ഇങ്ങനെയൊരു സൈനിങ് നടക്കുകയാണെങ്കില്‍ അത് ഫുട്‌ബോള്‍ ലോകത്ത് വലിയ വിപ്ലവം ഉണ്ടാക്കുന്ന ഒന്നായിരിക്കും.

ഈ സീസണില്‍ റൊണാള്‍ഡോ മിന്നും  ഫോമിലാണ് അല്‍ നസറിനു വേണ്ടി  കളിക്കുന്നത്. ഈ സീസണില്‍  40 മത്സരങ്ങളില്‍ നിന്ന് 41 ഗോളുകളും 12 അസിസ്റ്റുകളും നേടികൊണ്ട് പ്രായത്തെ വെല്ലുന്ന പോരാട്ട വീര്യമാണ് നടത്തുന്നത്.

അതേസമയം ലയണല്‍ മെസി 2023ലാണ് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും ഇന്റര്‍ മയാമിയില്‍ എത്തുന്നത്. അര്‍ജന്റീനന്‍ സൂപ്പര്‍താരത്തിന്റെ വരവോടുകൂടി മയാമി മികച്ച മുന്നേറ്റമാണ് ലീഗില്‍ നടത്തിയത്.

ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ മയാമി സ്വന്തമാക്കിയിരുന്നു. ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളും 11 അസിസ്റ്റുകളും ആണ് മെസിയുടെ അക്കൗണ്ടില്‍ ഉള്ളത്.

Content Highlight: Reports says Inter Miami trying to Signing Cristaino Ronaldo