മെസിക്കും സുവാരസിനും ബുസ്‌ക്വെറ്റ്‌സിനും പിന്നാലെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെയും മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമി സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.
താരത്തിന്റെ നിലവിലെ ക്ലബ്ബായ അല്‍ ഹിലാലിന് മുമ്പില്‍ മയാമി ഒരു ഓഫര്‍ വെച്ചിട്ടുണ്ടെന്നും വരുന്ന വിന്റര്‍ ട്രാന്‍സ്ഫറില്‍ നെയ്മറിനെ ടീമിലെത്തിക്കാനാണ് ഹെറോണ്‍സ് ശ്രമിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
സൗദി അറേബ്യന്‍ ജേണലിസ്റ്റായ താരിഖ് അല്‍ നൗഫലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍ മയാമി അല്‍ ഹിലാലിന് മുമ്പില്‍ ഒരു ഓഫര്‍ സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ അമേരിക്കന്‍ മണ്ണിലെത്തിക്കാനാണ് ടീം ശ്രമിക്കുന്നത്.
🚨🚨🚨🚨🚨🚨🎙️ طارق النوفل:
“في خبر حصري نادي إنتر ميامي يتقدم بعرض رسمي لنادي الهلال من أجل التعاقد مع نيمار في الفترة الشتوية القادمة.”
مع أو ضد في حال الخبر صحيح؟ 🤔 pic.twitter.com/AhFfjHcOei
— منبر الهلال – Mnbr Alhilal (@MnbrAlhilal) October 24, 2024
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നെയ്മര്‍ വീണ്ടും അല്‍ ഹിലാലിനായി കളത്തിലിറങ്ങിയിരുന്നു. 2023 ഓഗസ്റ്റില്‍ പി.എസ്.ജി വിട്ട് സൗദി ക്ലബ്ബിന്റെ ഭാഗമായ നെയ്മര്‍ അഞ്ച് മത്സരം മാത്രമാണ് ടീമിനൊപ്പം കളിച്ചത്. പരിക്കുകളാണ് വീണ്ടും താരത്തിന്റെ കരിയറില്‍ വില്ലനായത്.
എന്നാല്‍ നീണ്ട 369 ദിവസങ്ങള്‍ക്ക് ശേഷം താരം വീണ്ടും ഹിലാല്‍ ജേഴ്‌സിയില്‍ കളത്തിലിറങ്ങി. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഐനിനിതെരായ മത്സരത്തില്‍ പകരക്കാരന്റെ റോളിലാണ് നെയ്മര്‍ മൈതാനത്തിറങ്ങിയത്.
മത്സരത്തില്‍ അല്‍ ഹിലാല്‍ നാലിനെതിരെ അഞ്ച് ഗോളിന് വിജയിക്കുകയും ചെയ്തിരുന്നു.
അടുത്ത വര്‍ഷം ജൂണില്‍ നെയ്മറുമായുള്ള ഹിലാലിന്റെ കരാര്‍ അവസാനിക്കും. താരത്തിന്റെ പരിക്കുകളും വേതനവും കണക്കിലെടുത്ത് സൗദി ക്ലബ്ബ് കരാര്‍ പുതുക്കാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ നെയ്മറിനെ മെസിക്കും സുവാരസിനുമൊപ്പം വീണ്ടും കാണാനുള്ള സാധ്യതകളുമുണ്ട്.
ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിങ് ട്രയോ ആയ ബാഴ്‌സലോണയുടെ എം.എസ്.എന്‍ ത്രയം ഇന്റര്‍ മയാമിയിലും ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അതേസമയം, നെയ്മറിന് പകരക്കാരനായി റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും ഇത്തവണ ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന താരവുമായ വിനീഷ്യസ് ജൂനിയറിനെ അല്‍ ഹിലാല്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
മാര്‍ക്കയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വിനീഷ്യസ് അല്‍ ഹിലാലിന്റെ സ്വപ്ന സൈനിങ്ങുകളില്‍ ഒന്നാണ്. താരത്തെ ടീമിലെത്തിക്കാന്‍ ടീം ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
എന്നിരുന്നാലും വിനീഷ്യസ് സാന്‍ഡിയാഗോ ബെര്‍ണാബ്യൂ വിടാനുള്ള സാധ്യതകള്‍ കുറവാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
നേരത്തെ സൗദി ക്ലബ്ബ് സ്പോര്‍ട്സ് ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന ഡീലായ വണ്‍ ബില്യണ്‍ യൂറോയുടെ ഓഫര്‍ വിനീഷ്യസിന് മുമ്പില്‍ വെച്ചതായും എന്നാല്‍ താരം അത് തള്ളിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content highlight: Reports says Inter Miami is trying to sign Neymar Jr