Advertisement
IPL
ദിഗ്വേഷ് തെറ്റൊന്നും ചെയ്തിട്ടില്ല; യുവതാരത്തിന് പിന്തുണയുമായി സൈമണ്‍ ഡൗള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 09, 10:36 am
Wednesday, 9th April 2025, 4:06 pm

നോട്ട് ബുക്ക് സെലിബ്രേഷന്‍ കൊണ്ട് വൈറലായ താരമാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് യുവതാരം ദിഗ്വേഷ് സിങ്. വേറിട്ട ഈ സെലിബ്രേഷന് താരത്തിന് ബി.സി.സി.ഐ ഇതിനോടകം രണ്ട് തവണ പിഴ ചുമത്തിയിരുന്നു. പുറത്താക്കപ്പെട്ട ബാറ്റ്സ്മാനെ പ്രകോപിപ്പിക്കുന്നതോ അപമാനിക്കുന്നതോ ആയ പ്രവൃത്തികള്‍ നിരോധിക്കുന്ന ഐ.പി.എല്ലിന്റെ പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിനാണ് പിഴ ലഭിച്ചത്.

കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തിലും ദിഗ്വേഷ് ഈ ആഘോഷം ആവര്‍ത്തിച്ചു. സുനില്‍ നരെയ്നെ പുറത്താക്കിയതിന് ശേഷമാണ് താരം വീണ്ടും ഈ ആഘോഷവുമായി എത്തിയത്.

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ആഭ്യന്തര ക്രിക്കിറ്റിലെ തന്റെ സഹതാരമായ പ്രിയാന്‍ഷ് ആര്യയെ പുറത്താക്കിയപ്പോഴാണ് ആദ്യമായി ദിഗ്വേഷ് ഈ ആഘോഷ രീതി പരീക്ഷിച്ചത്. ഈ മത്സരത്തില്‍ മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചിരുന്നു.

പിഴ ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സിനെതിരെയും ഈ ആഘോഷം ആവര്‍ത്തിച്ചതോടെ രണ്ട് ഡീമെറിറ്റ് പോയിന്റും മാച്ച് ഫീയുടെ 50 ശതമാനവും താരത്തിന് മേല്‍ ബി.സി.സി.ഐ ചുമത്തിയിരുന്നു.

ഇപ്പോള്‍ ദിഗ്വേഷ് സിങ്ങിനെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റര്‍ സൈമണ്‍ ഡൗള്‍. ആഘോഷങ്ങള്‍ തനിക്ക് വളരെ ഇഷ്ടമാണെന്നും ദിഗ്വേഷ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമാണ് താന്‍ കരുതുന്നുവെന്നും ഡൗള്‍ പറഞ്ഞു. മുതിര്‍ന്ന ഇന്ത്യന്‍ കളിക്കാര്‍ ഇതിലും മോശമായി പെരുമാറുന്നതും ഫൈന്‍ കിട്ടാതിരിക്കുന്നതും കണ്ടിട്ടുണ്ടെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. ക്രിക് ബസ്സില്‍ സംസാരിക്കുകയായിരുന്നു സൈമണ്‍ ഡൗള്‍.

 

‘അവന് കിട്ടുന്ന പിഴ ടീമാണ് അടക്കുന്നത്. എനിക്ക് അത് ഇഷ്ടമല്ല. ആഘോഷങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്. ദിഗ്വേഷ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഞാന്‍ കരുതുന്നു.

മുതിര്‍ന്ന ഇന്ത്യന്‍ കളിക്കാര്‍ ഇതിലും മോശമായി പെരുമാറുന്നതും ഫൈന്‍ കിട്ടാതിരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. തന്റെ നോട്ട്ബുക്കില്‍ കുറിപ്പിടുന്ന ഒരു ചെറുപ്പക്കാരനില്‍ നിന്ന് അവര്‍ മാതൃകയുണ്ടാക്കുകയാണ്,’ ഡൗള്‍ പറഞ്ഞു.

ലഖ്നൗവിനായി മികച്ച പ്രകടനമാണ് ദിഗ്വേഷ് സിങ് പുറത്തെടുക്കുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് താരം ഏഴ് വിക്കറ്റ് നേടിയിട്ടുണ്ട്. 22.14 ശരാശരിയും 7.75 എക്കോണമിയുമാണ് യുവതാരത്തിന്റെ പേരിലുള്ളത്.

Content Highlight: IPL 2025: Former New Zealand Cricketer Simon Doull Talk In Support Of Lucknow Super Giants Young Bowler Digvesh Singh