റയല്‍ മാഡ്രിഡിലെ പഴയ കൂട്ടുകെട്ട് വീണ്ടും, റൊണാള്‍ഡോക്കൊപ്പം പന്ത് തട്ടാന്‍ അവനെത്തുന്നു? റിപ്പോര്‍ട്ട്
Football
റയല്‍ മാഡ്രിഡിലെ പഴയ കൂട്ടുകെട്ട് വീണ്ടും, റൊണാള്‍ഡോക്കൊപ്പം പന്ത് തട്ടാന്‍ അവനെത്തുന്നു? റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd January 2024, 4:52 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കാസെമിറോ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറില്‍ അടുത്ത സമ്മറില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍.

ബ്രസീലിയന്‍ താരം 2026 അവസാനത്തില്‍ അല്‍ നസറില്‍ രണ്ടര വര്‍ഷത്തെ കരാര്‍ ഒപ്പുവെക്കുമെന്നാണ് സൗദി മാധ്യമപ്രവര്‍ത്തകന്‍ അലി അല്‍ ഹര്‍ബി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അല്‍ നസര്‍ ഇതിനോടകം തന്നെ മികച്ച താരനിരകൊണ്ട് സമ്പന്നമാണ്. സാദിയോ മാനെ, അയ്‌മെറിക് ലാപോര്‍ട്ടെ, ഒട്ടാവിയോ, മാഴ്സെലോ ബ്രോസോവിച്ച് എന്നീ സൂപ്പര്‍ താരങ്ങളാല്‍ ശക്തമാണ് അല്‍ നസര്‍.

ഈ ടീമിലേക്ക് കാസെമിറോ കൂടി എത്തുമ്പോള്‍ സൗദി വമ്പന്മാര്‍ കൂടുതല്‍ ശക്തമായി മാറുമെന്ന് ഉറപ്പാണ്.

അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി 63 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് കാസെമിറോ സ്വന്തമാക്കിയത്. നിലവില്‍ റെഡ് ഡെവിള്‍സിനൊപ്പം 2026 വരെയാണ് ബ്രസീലിയന്‍ താരത്തിന് കരാര്‍ ഉള്ളത്.

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം കാരാബോവോ കപ്പ് നേടാന്‍ ബ്രസീലിയന്‍ താരത്തിന് സാധിച്ചു. എന്നാല്‍ ഈ സീസണില്‍ കാസിമിറോ പരിക്കിന്റെ പിടിയിലായതിനാല്‍ ക്ലബ്ബിന്റെ പല മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. 2023ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി വെറും 12 മത്സരങ്ങളില്‍ മാത്രമാണ് കാസെമിറോ കളിച്ചിട്ടുള്ളത്. ഇതില്‍ നാല് ഒരു അസിസ്റ്റും കാസിമിറോ നേടിയിട്ടുണ്ട്.

അതേസമയം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോ 2022ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദി വമ്പന്‍മാരായ അല്‍ നസറില്‍ എത്തിയത്. പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന് പിന്നാലെ യൂറോപ്പിലെ ഒരുപിടി മികച്ച താരങ്ങളും സൗദിയിലേക്ക് ചേക്കേറിയിരുന്നു.

അല്‍ നസറിനായി ഈ സീസണില്‍ മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിക്കുന്നത്. 23 ഗോളുകളും 11 അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് റൊണാള്‍ഡോ നടത്തിയത്. 54 ഗോളുകള്‍ നേടിക്കൊണ്ട് ഈ വര്‍ഷത്തെ ടോപ് സ്‌കോറര്‍ ആവാനും ഈ 38കാരന് സാധിച്ചു.

നിലവില്‍ സൗദി പ്രോ ലീഗില്‍ 19 മത്സരങ്ങളില്‍ നിന്നും 15 വിജയവും ഒരു സമനിലയും മൂന്നു തോല്‍വിയും അടക്കം 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍.

2013-18 വരെയുള്ള സീസണുകളിലാണ് റൊണാള്‍ഡോയും കാസെമിറോയും സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരുമിച്ച് പന്ത് തട്ടിയത്. ഈ ട്രാന്‍സ്ഫര്‍ നടന്നാല്‍
കാസെമിറോ-റൊണാള്‍ഡോ പഴയ റയല്‍ മാഡ്രിലെ ആ കൂട്ടുകെട്ട് ഫുട്‌ബോള്‍ ലോകത്തിന് കാണാന്‍ സാധിക്കും.

Content Highlight: Reports says Casemiro will join Al Nassr in 2026.