തൃക്കാക്കരയില്‍ മത്സരിക്കാന്‍ പോലും ഇറങ്ങേണ്ടതില്ല; എ.എ.പി - ട്വന്റി-ട്വന്റി സ്ഥാനാര്‍ത്ഥിയുടെ സാധ്യതകള്‍ മങ്ങി
Kerala News
തൃക്കാക്കരയില്‍ മത്സരിക്കാന്‍ പോലും ഇറങ്ങേണ്ടതില്ല; എ.എ.പി - ട്വന്റി-ട്വന്റി സ്ഥാനാര്‍ത്ഥിയുടെ സാധ്യതകള്‍ മങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th May 2022, 12:03 pm

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സര ചൂടേറുന്നതിനിടെ ട്വന്റി-ട്വന്റി – ആം ആദ്മി പാര്‍ട്ടി സഖ്യത്തില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്.

തൃക്കാക്കരയില്‍ മത്സരിക്കാന്‍ തന്നെ ഇറങ്ങേണ്ടതില്ല എന്ന ആലോചനയിലാണ് എ.എ.പി. അടിത്തറ ശക്തമാക്കിയ ശേഷം തെരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് ഇറങ്ങിയാല്‍ മതിയെന്നാണ് എ.എ.പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

ഇതിനെ മറികടന്നുള്ള തീരുമാനത്തിന് ആം ആദ്മി സംസ്ഥാന നേതൃത്വവും തയ്യാറാകില്ലെന്നും സൂചനയുണ്ട്. വിഷയത്തില്‍ ഞായറാഴ്ച കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എ.എ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനായിരുന്നു ട്വന്റി-ട്വന്റിയുടെ തീരുമാനം. എന്നാല്‍ എ.എ.പി സ്ഥാനാര്‍ത്ഥി മത്സരിക്കാനില്ലെന്ന സൂചനകള്‍ വരുന്നതോടെ ട്വന്റി-ട്വന്റിയുടെ നിലപാട് എന്താകുമെന്ന കാര്യത്തില്‍ നിശ്ചയമില്ല.

പ്രവര്‍ത്തകരുടെ എണ്ണം കുറവായ തൃക്കാക്കര മണ്ഡലത്തില്‍ കഴിഞ്ഞ തവണ ട്വന്റി-ട്വന്റി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. ടെറി തോമസ് 13,773 വോട്ട് നേടി നാലാം സ്ഥാനത്തെത്തിയിരുന്നു. കിഴക്കമ്പലത്ത് നിന്നുള്ള പ്രവര്‍ത്തകരെത്തിയാണ് തൃക്കാക്കരയില്‍ ഡോ. ടെറി തോമസിനായുള്ള പ്രചരണം നടത്തിയത്.

ഇക്കുറി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമോ എന്ന കാര്യത്തിലും ട്വന്റി-ട്വന്റി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

തൃക്കാക്കരയില്‍ എ.എ.പിയും ട്വന്റി-ട്വന്റിയും കൈകോര്‍ക്കുമെന്നും ബദലാവുമെന്നും ട്വന്റി-ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു. എം. തോമസ് പ്രഖ്യാപിച്ചിരുന്നു.

മുന്നണികള്‍ വികസനത്തിനൊപ്പം എന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാകില്ലെന്നും സാബു എം. ജേക്കബ് പറഞ്ഞു.

ട്വന്റി-ട്വന്റിയുമായുള്ള ചര്‍ച്ചകള്‍ക്കായി അരവിന്ദ് കെജ്‌രിവാള്‍ ഈ മാസം 15ന് കൊച്ചിയിലെത്തുമെന്നും സൂചനകളുണ്ടായിരുന്നു.

ഇതിന്റെ ഭാഗമായി കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തി അരവിന്ദ് കെജ്‌രിവാള്‍ ദേശീയ നേതാക്കളുമായി യോഗം ചേര്‍ന്നിരുന്നു. കെജ്രിവാളിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ സോംനാഥ് ഭാരതിയടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

ഏഴു പേരുടെ പട്ടികയാണ് ദേശീയ നേതൃത്വത്തിന്റെ മുന്നിലുള്ളത്. എന്നാല്‍ ട്വന്റി-ട്വന്റിയുമായി ആലോചിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂവെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. എ.എ.പിയിലേക്ക് ട്വന്റി ട്വന്റി ലയിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നിലവില്ലെന്നാണ് വിവരം.

 

Content Highlight: Reports says AAP not likely to contest in Thrikkakkara By polls