Football
അതും തീരുമാനമായി! അർജന്റൈൻ സൂപ്പർതാരത്തിന്റെ പൊന്നുംവിലയിൽ ഞെട്ടി റയൽ മാഡ്രിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 06, 09:56 am
Tuesday, 6th August 2024, 3:26 pm

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യൻ റൊമേറോയെ ടീമില്‍ എത്തിക്കാനുള്ള ശ്രമം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഉപേക്ഷിച്ചു. മാധ്യമപ്രവര്‍ത്തകനായ പോള്‍ ഒ കീഫ് പറയുന്നതിനനുസരിച്ച് ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ചെയര്‍മാന്‍ ഡാനിയേല്‍ ലെവി താരത്തെ നല്‍കുന്നതിനായി 150 മില്യണ്‍ പൗണ്ട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഈ നീക്കത്തില്‍ നിന്നും റയല്‍ മാഡ്രിഡ് പിന്മാറുകയുമായിരുന്നു എന്നുമാണ് പറയുന്നത്.

സ്പര്‍സിന്റെയും അര്‍ജന്റീനയുടെയും പ്രതിരോധനിരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ട് ഏറെ ശ്രദ്ധേ നേടിയ താരമാണ് റോമേറോ. കളിക്കളത്തിലെ താരത്തിന്റെ ശാരീരികക്ഷമത, പന്ത് കൈവശം വയ്ക്കാനുള്ള കഴിവ് എന്നിവയെല്ലാം മറ്റു ഡിഫന്‍ഡര്‍മാരില്‍ നിന്നും റോമേറോയെ വ്യത്യസ്തമാക്കുന്നതാണ്.

2022ല്‍ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്‌ലാന്‍ഡയില്‍ നിന്നുമാണ് താരം ടോട്ടന്‍ഹാമിന്റെ തട്ടകത്തിലെത്തുന്നത്. സ്പര്‍സിനായി ആറ് തവണ ലക്ഷ്യം കാണാനും താരത്തിന് സാധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിലേക്ക് വരികയാണെങ്കില്‍ അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടം നേട്ടങ്ങളിലെല്ലാം പങ്കാളിയാവാന്‍ റൊമേറോക്ക് സാധിച്ചിട്ടുണ്ട്. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളായിരുന്നു അര്‍ജന്റീന നേടിയിരുന്നത്. ഈ കിരീടനേട്ടങ്ങളിലെല്ലാം അര്‍ജന്റീനയുടെ പ്രതിരോധനിരയില്‍ തളരാതെ പോരാടാന്‍ താരത്തിന് സാധിച്ചിരുന്നു.

റയല്‍ മാഡ്രിഡിന് പുതിയ സീസണില്‍ ഒരു മികച്ച സെന്‍ട്രല്‍ ബാക്കിനെ കണ്ടെത്തുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കഴിഞ്ഞവര്‍ഷം അവസാനം ഡേവിഡ് അലാബ പരിക്കേറ്റു പുറത്തായിരുന്നു. നിലവില്‍ മൂന്ന് സെന്റര്‍ ബാക്ക് ഓപ്ഷനുകള്‍ മാത്രമേ ലോസ് ബ്ലാങ്ക്കോസിന് ഉള്ളൂ.

അന്റോണിയോ റൂഡിഗര്‍, എഡര്‍ മിലിറ്റാവോ, ജീസസ് വല്ലെജൊ എന്നിവരാണ് നിലവില്‍ റയല്‍ മാഡ്രിഡിന്റെ പ്രതിരോധനിരയില്‍ സെന്റര്‍ ബാക്ക് ആയിട്ടുള്ളൂ. അതുകൊണ്ടുതന്നെ പുതിയൊരു മികച്ച താരത്തെ ടീമില്‍ എത്തിച്ചുകൊണ്ട് പ്രതിരോധം കൂടുതല്‍ ശക്തമാക്കാന്‍ ആയിരിക്കും റയല്‍ ലക്ഷ്യമിടുക.

 

Content Highlight: Report Says Real Madrid Have Cancel The Signing Of Cristain Romero