ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ ഇതുവരെ മരണമടഞ്ഞത് 326 പേര്‍; റിപ്പോര്‍ട്ട്
World News
ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ ഇതുവരെ മരണമടഞ്ഞത് 326 പേര്‍; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th November 2022, 11:28 pm

ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ് ഡ്രസ് കോഡിന്റെ പേരില്‍ സദാചാര പൊലീസ് അറസ്റ്റ് ചെയ്ത്, കസ്റ്റഡിയിലിരിക്കെ യുവതി മരിച്ച സംഭവത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ഇതുവരെ 326 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന എന്‍.ജി.ഒ ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

‘ഇറാനില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ 43 കുട്ടികളും 25 സ്ത്രീകളും ഉള്‍പ്പെടെ കുറഞ്ഞത് 326 പേരെ സുരക്ഷാ സേന കൊലപ്പെടുത്തിണ്ട.

നവംബര്‍ 5ന് പുറത്തിറക്കിയ കണക്കിനേക്കാള്‍ 22 എണ്ണത്തിന്റെ വര്‍ധനവാണ് പുതിയ മരണനിരക്കില്‍ കാണുന്നത്,’ ഓസ്‌ലോ ആസ്ഥാനമായുള്ള ഐ.എച്ച്.ആര്‍ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇറാന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലുള്ള സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യകളിലാണ് മരണനിരക്ക് കൂടുതലുള്ളതെന്നും കണക്കുകള്‍ പറയുന്നു.

മഹ്സ അമിനി എന്ന 22കാരിയായിരുന്നു സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ ഇറാനില്‍ കാല്ലപ്പെട്ടത്. ഹിജാബുമായി ബന്ധപ്പെട്ടായിരുന്നു അമിനിയെ അറസ്റ്റ് ചെയ്തത്.
വാനില്‍ വെച്ച് മഹ്സയെ പൊലീസ് മര്‍ദിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ‘ശരിയായ രീതിയില്‍’ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അമിനിയെ അറസ്റ്റ് ചെയ്തത്.

പൊലീസ് മര്‍ദനമേറ്റ് കോമയിലായതിന് പിന്നാലെയായിരുന്നു മരണം. അറസ്റ്റിന് പിന്നാലെ മഹ്‌സയ്ക്ക് പൊലീസ് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം.

സംഭവത്തിന് പിന്നാലെ രാജ്യത്തുടനീളം വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടത്തുന്നത്. സംഭവത്തിന് പിന്നാലെ രാജ്യത്തുടനീളം വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടത്തുന്നത്. ഹിജാബ് വലിച്ചൂരിയും മുടി മുറിച്ചുമാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്.