വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രധാന മിലിട്ടറി അക്കാദമികളിലൊന്നായ വിര്‍ജീനിയ മിലിട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിപ്പോര്‍ട്ട്. വ്യവസ്ഥാപിത വംശീയതയും ലൈംഗിക ഉപദ്രവമടക്കമുള്ള ലിംഗ വിവേചനവും പരിശോധിക്കാനോ നിര്‍ത്തലാക്കാനോ സ്ഥാപനത്തിനായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിര്‍ജീനിയയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം ബാണ്‍സ് ആന്റ് തോണ്‍ബര്‍ഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മിലിട്ടറി അക്കാദമയിലെ വിവിധ പ്രശ്‌നങ്ങളെ കുറിച്ച് ചൂണ്ടിക്കാണിച്ചത്. വംശീയ അധിക്ഷേപങ്ങളും തെറിവിളികളും സ്ഥിരമായി നടക്കുന്ന സ്ഥാപനത്തില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കാജനകമായ അന്തരീക്ഷത്തിലാണ് കഴിയേണ്ടി വരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ അക്കാദമിയിലെ 16 ശതമാനം സ്ത്രീ കാഡറ്റുകളും ലൈംഗികാതിക്രമത്തിന് ഇരയായവരാണെന്ന് കണ്ടെത്തി. ആകെ കാഡറ്റുകളില്‍ 63 ശതമാനം പേരും സുഹൃത്തുക്കളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അക്കാദമിക്കുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടതിന്റെ അനുഭവങ്ങള്‍ തങ്ങളോട് പങ്കുവെച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.
ഇത്തരം സംഭവങ്ങളില്‍ നടപടി സ്വീകരിക്കുന്നതില്‍ അക്കാദമി അധികൃതര്‍ പരാജയമാണെന്നും കാഡറ്റുകള്‍ സര്‍വേയില്‍ അറിയിച്ചു. അതുകൊണ്ട് കൂടിയാണ് ആക്രമണങ്ങള്‍ നിര്‍ബാധം തുടരുന്നതെന്നും ഇവര്‍ പറയുന്നു.
വിര്‍ജീനിയ മിലിട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയവും സ്ത്രീവിരുദ്ധവുമായ സംഭവങ്ങള്‍ ആശങ്കജനകമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വംശീയമെന്നോ ലിംഗവിവേചനമെന്നോ വിളിക്കാവുന്ന പ്രത്യേക നയങ്ങളൊന്നും അക്കാദമിയില്‍ കാണാനാകില്ലെങ്കിലും വംശീയവിവേചനപരവും സ്ത്രീവിരുദ്ധവുമായ സംസ്‌കാരമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും ഇത് ഗുരുതരമായ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നു.
നേരത്തെ തന്നെ യു.എസ് മിലിട്ടറിയില്‍ വംശീയതയും സ്ത്രീവിരുദ്ധതയും തീവ്രമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മിലിട്ടറി സ്ഥാപനങ്ങളിലെ വംശീയവിവേചനപരമായ വസ്തുക്കള്‍ നീക്കം ചെയ്യാനും ലൈംഗികാതിക്രമ കേസുകളില്‍ നടപടികള്‍ സ്വീകരിക്കാനുമുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണെന്നും മിലിട്ടറി അറിയിച്ചിരുന്നു.
ലൈംഗികാതിക്രമ പരാതികളില്‍ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട യു.എസ് മിലിട്ടറിയുടെ നയങ്ങള്‍ പുനപരിശോധിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു.
അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ, ജനുവരിയില്‍ തന്നെ ബൈഡന്‍ സ്വീകരിച്ച ആദ്യ നടപടികളിലൊന്നായിരുന്നു ഇത്. പട്ടാളത്തില്‍ ലൈംഗികാതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുയാണെന്നും ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും ബൈഡന്‍ പറഞ്ഞിരുന്നു.