മലയാളത്തിന് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് രണ്‍ജി പണിക്കര്‍. ഓരോ ഡയലോഗിലും തീപ്പൊരി നിറച്ച രണ്‍ജി പണിക്കരുടെ സിനിമകള്‍ ഇന്നും മലയാളികള്‍ ആസ്വദിക്കുന്നവയാണ്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലേലം. മധ്യകേരളത്തിലെ അബ്കാരി കുടുംബങ്ങളുടെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമായിരുന്നു.
ചിത്രത്തിന്റെ സെന്‍സറിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് രണ്‍ജി പണിക്കര്‍. റീജിയണല്‍ സെന്‍സര്‍ ബോര്‍ഡിന്റെയടുത്താണ് ആദ്യം സെന്‍സര്‍ ചെയ്തതെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു. സിനിമ മുഴുവന്‍ കണ്ട ശേഷം എം.ജി. സോമന്‍ ബിഷപ്പിനോട് സംസാരിക്കുന്ന റീല്‍ മുഴുവനായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും അത് കേട്ട് തങ്ങള്‍ക്ക് ദേഷ്യം വന്നെന്നും രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ ആത്മാവെന്ന് പറയാവുന്ന സീനാണ് അതെന്നും നീക്കം ചെയ്യേണ്ട കാരണം എന്തെന്ന് ചോദിച്ചെന്നും രണ്‍ജി പണിക്കര്‍ പറയുന്നു. സഭാനേതൃത്വത്തെ വിമര്‍ശിക്കുന്ന സീനാണ് അതെന്നും മതവികാരം വ്രണപ്പെടുമെന്നും അവര്‍ പറഞ്ഞെന്നും സഭാനേതൃത്വത്തെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് നിയമമുണ്ടോ എന്ന് താന്‍ ചോദിച്ചെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
ആ സീന്‍ മാറ്റിയില്ലെങ്കില്‍ സെന്‍സര്‍ ചെയ്യില്ലെന്ന് അവര്‍ പറഞ്ഞെന്നും പോയി പണിനോക്കാന്‍ താന്‍ അവരോട് പറഞ്ഞെന്നും രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. ഈ നാട്ടില്‍ ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും അതിനനുസരിച്ചാണ് താന്‍ സിനിമ ചെയ്തതെന്നും അവരോട് പറഞ്ഞെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.
പിന്നീട് മദ്രാസിലെ സെന്‍സര്‍ ബോര്‍ഡിന്റെ ഓഫീസിലും അവിടുന്ന് ദല്‍ഹിയില്‍ പോയിട്ടും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. പിന്നീട് കോടതിയില്‍ പോകേണ്ടി വരുമെന്ന് പറഞ്ഞതിന് ശേഷമാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി വാങ്ങിയതെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. ഒറിജിനല്‍സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലേലത്തിന്റെ സെന്‍സറിങ് കഴിഞ്ഞപ്പോള്‍ ബോര്‍ഡിലുള്ളവര്‍ കുറച്ച് അബ്‌സെറ്റായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ‘ഒരു റീല്‍ മുഴുവനും കളയേണ്ടി വരും’ എന്ന് അവര്‍ പറഞ്ഞു. ഏത് റീലാണെന്ന് ചോദിച്ചപ്പോള്‍ എം.ജി. സോമന്‍ ബിഷപ്പിനോട് ദേഷ്യപ്പെടുന്ന സീനാണെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ ദേഷ്യം വന്നു. പോയി പണി നോക്കാന്‍ പറഞ്ഞു. കാരണം, ആ പടത്തിന്റെ ആത്മാവെന്ന് പറയാവുന്ന സീനായിരുന്നു അത്.
കാരണം ചോദിച്ചപ്പോള്‍ ‘സഭാനേതൃത്വത്തെ വിമര്‍ശിക്കുന്ന സീനാണ്, മതവികാരം വ്രണപ്പെടും’ എന്നാണ് പറഞ്ഞത്. സെന്‍സര്‍ഷിപ്പിന്റെ നിയമത്തില്‍ സഭാനേതൃത്വത്തെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് നിയമമുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഈ നാട്ടില്‍ ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും അതിനനുസരിച്ചാണ് ഞാന്‍ സിനിമ ചെയ്തതെന്നും അവരോട് പറഞ്ഞു.
പിന്നീട് മദ്രാസിലും അത് കഴിഞ്ഞ് ദല്‍ഹിയിലുമൊക്കെ പോയിട്ടും സെന്‍സര്‍ ചെയ്യാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. കേരളത്തിലെ പ്രസ് അക്കാദമിയില്‍ നിന്ന് ഒരുപാട് പ്രഷറൈസ് ചെയ്തിരുന്നു, ഈ പടത്തിന് പ്രദര്‍ശനാനുമതി കൊടുക്കരുതെന്ന് പറഞ്ഞിട്ട്. കോടതിയില്‍ പോകേണ്ടി വരുമെന്ന് പറഞ്ഞതിന് ശേഷമാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്,’ രണ്‍ജി പണിക്കര്‍ പറയുന്നു.
Content Highlight: Renji Panicker says Censor Board didn’t give certificate for Lelam