ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മുസ്ലിങ്ങളെയും, ക്രിസ്ത്യാനികളെയും, മറ്റ് സാമൂഹിക വിഭാഗങ്ങളെയും ഇ.ബി.സി (സാമ്പത്തിക പിന്നാക്ക വിഭാഗം) യുടെ കീഴില്‍ ഉള്‍പ്പെടുത്താനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് കിഷന്‍ റെഡ്ഡി പറഞ്ഞു. തെലങ്കാനയിലെ ജനങ്ങള്‍ എല്ലാ അനുഗ്രഹവും ബി.ജെ.പിക്ക് നല്‍കണമെന്നും തങ്ങളുടെ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണയര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ബി.ജെ.പി സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നായിരിക്കും തെലങ്കാനയുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതെന്നും കിഷന്‍ റെഡ്ഡി വാഗ്ദാനം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി സ്ഥാനം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നു.
തെലങ്കാനയിലെ കെ. ചന്ദ്രശേഖറിന്റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്നും കൂടാതെ സംസ്ഥാനത്ത് ത്രികോണ മത്സരത്തിനുള്ള സാധ്യതകളുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2018ലെ തെരഞ്ഞെടുപ്പില്‍ 119 സീറ്റില്‍ 88 സീറ്റും 47.4 ശതമാനം വോട്ടുവിഹിതവും ബി.ആര്‍.എസ് (ഭാരത് രാഷ്ട സമിതി) നേടിയിരുന്നു. 19 സീറ്റുകളും 28.7 ശതമാനം വോട്ടുവിഹിതവും നേടി കോണ്‍ഗ്രസ് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തും എത്തിയിരുന്നു.