തിരുവനന്തപുരം: ഒരു കോടി രൂപ വകയിരുത്തി ക്ഷേമനിധി രൂപീകരണ വാഗ്ദാനം നല്‍കി, ധനമന്ത്രി കെ.എം മാണി ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിലെ പ്രാദേശിക പത്രപ്രവര്‍ത്തകരെ ആദ്യമായി അംഗീകരിച്ചിരിക്കുകയാണ്. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി പ്രഖ്യാപിക്കുകയും അതിനായി ഒരു കോടി രൂപയ വകയിരുത്തുകയും ചെയ്തിരിക്കുന്നു.
ക്ഷേമനിധിയില്‍ 70 ശതമാനം സര്‍ക്കാറും 30 ശതമാനം ക്ഷേമനിധി അംഗങ്ങളുമാണ് പങ്കാളിത്തം വഹിക്കുക. പ്രവൃത്തി പരിചയം വെച്ച് നേരിട്ട് ക്ഷേമനിധിയില്‍ അംഗങ്ങളാകാന്‍ അപേക്ഷ നല്‍കാവുന്നതാണ്.
മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി അനുവദിച്ചു കിട്ടുന്നതിനായി പ്രവര്‍ത്തിക്കുകയും നിരന്തര ശ്രമങ്ങള്‍ തുടരുകയും ചെയ്ത കേരളാ ജേര്‍ണലിസ്റ്റ് യൂണിയന് തീര്‍ച്ചയായും ഇത് അഭിമാന നിമിഷമാണ്. മുഖ്യധാര മാധ്യമ സംഘടനയായ കെ.യു.ഡബ്ല്യു.ജെ ക്ഷേമനിധി അനുവദിച്ചു കിട്ടാനുള്ള തങ്ങളുടെ ശ്രമങ്ങളെ എതിര്‍ത്തിരുന്നുവെന്ന് കെ.ജെ.യു അംഗങ്ങള്‍ ആരോപിക്കുന്നു.
എല്ലാ മേഖലകളിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ആശ്വസിക്കാവുന്ന മറ്റു ചില പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 4500 രൂപയായി ഉയര്‍ത്തി, പത്രപ്രവര്‍ത്തകര്‍ക്കുള്ള ഭവന വായ്പയില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി എന്നിവയാണ് അവ.