തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം,ആലപ്പുഴ, തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇത് മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്.
അതേ സമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
വ്യോമ, കര, നാവിക സേനകളുടെ സഹായം തേടാനും കളക്ടര്‍മാരെ സഹായിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (വൈകീട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താനും കടലില്‍ ഇറങ്ങാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
കനത്ത മഴയില്‍ സംസ്ഥാനമൊട്ടാകെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ഉണ്ടാവുന്നത്. ഇന്ന് രാവിലെ മാത്രം ഒന്‍പത് പേരാണ് മരിച്ചത്. കൊച്ചി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടുണ്ട്.