Entertainment
മമ്മൂട്ടിയും മോഹൻലാലും പാരവെച്ച് കഥാപാത്രത്തിൽ നിന്നു മാറ്റി എന്ന് പറയുന്നതിനോട് എനിക്ക് എതിർപ്പാണ്: വിജയ രാഘവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 24, 02:00 pm
Friday, 24th January 2025, 7:30 pm

വർഷങ്ങളായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് നടൻ വിജയരാഘവൻ. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു കഴിഞ്ഞു. മലയാളത്തിന്റെ നാടകാചാര്യന്മാരിൽ ഒരാളായ എൻ. എൻ. പിള്ളയുടെ മകനാണ് വിജയ രാഘവൻ. പൂക്കാലം, ആന്റണി തുടങ്ങി ഏറ്റവും ഒടുവിലറിങ്ങിയ കിഷ്കിന്ധാ കാണ്ഡത്തിലും ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

ഒരു സിനിമയിലെ കഥാപാത്രങ്ങളെ ആര് അവതരിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് സാഹചര്യമാണെന്നും ഒരു സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചാൽ അടുത്ത സിനിമയിൽ ആവർത്തന വിരസത കാരണം ഒരുപക്ഷെ തന്നെ വിളിക്കില്ലെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടിയും മോഹൻലാലും പാരവെച്ച് കഥാപാത്രത്തിൽ നിന്നു മാറ്റി എന്നൊക്കെ പറയുന്നതിനോട് എനിക്ക് നുറുശതമാനം എതിർപ്പാണ്
– വിജയരാഘവൻ

മമ്മൂട്ടിയും മോഹൻലാലും പാരവെച്ച് കഥാപാത്രത്തിൽ നിന്നു മാറ്റി എന്ന് പറയുന്നതിനോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

‘സിനിമയിൽ ഒരു കഥാപാത്രം ആര് ചെയ്യണം എന്നു തീരുമാനിക്കുക പലപ്പോഴും സാഹചര്യമാണ്. നായകനെ കേന്ദ്രീകരിച്ചാണല്ലോ കുറച്ചുകാലം മുമ്പ് വരെ സിനിമകൾ ആലോചിച്ചിരുന്നത്. നായകൻ, നായിക, വില്ലൻ, നായകൻ്റെ നിഴലിൽ നിൽക്കുന്നവർ, അച്ഛൻ, കുട്ടുകാരൻ അങ്ങനെ.

ഒരു സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായോ സഹോദരനായോ അഭിനയിച്ചെന്നു കരുതുക. അടുത്ത സിനിമയിലും അച്ഛൻ കഥാപാത്രത്തിലേക്ക് എന്നെ ആലോചിക്കുമ്പോൾ സ്വാഭാവികമായും ആവർത്തനമാവുമെന്നു തോന്നില്ലേ? അപ്പോൾ ആ റോൾ സായ്‌കുമാറിലേക്കോ സിദ്ദിഖിലേക്കോ ഒക്കെ പോകും.

അതു സ്വാഭാവികമാണ്. അല്ലാതെ മനഃപൂർവമുള്ള മാറ്റൽ അല്ലത്. മമ്മൂട്ടിയും മോഹൻലാലും പാരവെച്ച് കഥാപാത്രത്തിൽ നിന്നു മാറ്റി എന്നൊക്കെ പറയുന്നതിനോടു നുറുശതമാനം എതിർപ്പാണ് എനിക്ക്. നായകനെ കേന്ദ്രീകരിച്ചുള്ള സിനിമ ഇറങ്ങുമ്പോൾ അവർക്ക് പുതുമ സൃഷ്ടിക്കണം.

അതിനു പുതിയ ആൾക്കാർ വേണം. ഓരോ സിനിമയും ഓരോന്നല്ലേ. എല്ലാം ഒരു പോലെ ആവുന്നതും ഔചിത്യക്കുറവല്ലേ. ആവശ്യമുണ്ടെങ്കിൽ വിളിക്കുമെന്ന ആത്മവിശ്വാസം എന്നുമുണ്ട്,’വിജയരാഘവൻ പറയുന്നു.

Content Highlight: Vijayaraghavan About Casting Of Malayalam Cinema