Entertainment
സത്യത്തിൽ ആ ചിത്രത്തിലെ രണ്ടു സീനിൽ മാത്രമാണ് മമ്മൂട്ടിയുടെ ഗംഭീര പ്രകടനം കണ്ടത്: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 24, 01:13 pm
Friday, 24th January 2025, 6:43 pm

വലിയ ശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രമായിരുന്നു കാതൽ ദി കോർ. ജിയോ ബേബി സംവിധാനം ചെയ്ത സിനിമ പുരസ്കാരങ്ങളും നേടിയിരുന്നു. കാതലിനെ കുറിച്ചും സിനിമകൾ കാണുന്ന പ്രേക്ഷകർക്ക് വന്ന മാറ്റത്തെ കുറിച്ചുമൊക്കെ പറയുകയാണ് സംവിധായകൻ സിബി മലയിൽ.

പുതിയ തലമുറയിലെ പ്രേക്ഷകർ മാറിയിട്ടുണ്ടെന്നും അവർ ഇഷ്ടപ്പെടുന്ന സിനിമകൾ മറ്റൊരു രീതിയിലാണെന്നും സിബി മലയിൽ പറയുന്നു. കാതലിൽ രണ്ടു സീനിൽ മാത്രമാണ് മമ്മൂട്ടിയുടെ ഒരു എക്സ്ട്രാ ഓർഡിനറി പെർഫോമൻസ് കണ്ടതെന്നും എന്നാൽ പുതു തലമുറയിൽ പലർക്കും തനിയാവർത്തനം പോലുള്ള സിനിമകളിലെ ഇമോഷൻസ് തിരിച്ചറിയാൻ പറ്റുന്നില്ലെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു. സമകാലിക മലയാളത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓരോ വ്യക്തികളും ഒരു തുരുത്തുകളായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മൾ അനുഭവിച്ച ഒരു ഫാമിലി ബോണ്ടിങ്ങിന്റെ അനുഭവങ്ങൾ അവർക്ക് ഇല്ലാത്തത് കൊണ്ട് അവർക്ക് ഇഷ്ട്ടപ്പെടുന്ന കണ്ടന്റുകൾ വേറെയാണ്. തിയേറ്ററിൽ നിന്ന് കാണുന്ന സിനിമകളെ പിന്നെ അവർ കൂടെ കൂട്ടുന്നില്ല. പണ്ടത്തെ പല ചിത്രങ്ങളെ കുറിച്ചും നമ്മൾ ഇപ്പോഴും ചർച്ച ചെയ്യുന്നുണ്ട്. കാരണം അത് നമ്മളോടൊപ്പം തന്നെ വന്നിട്ടുണ്ട്. ഇപ്പോഴത്തെ പിള്ളേർ അതിൽ നിന്നെല്ലാം മാറിയിട്ടുണ്ട്.

മമ്മൂട്ടിയുടെ കാതൽ ഇറങ്ങിയ സമയത്ത് സോഷ്യൽ മീഡിയയിൽ ഒരു ചർച്ചയിൽ ആരോ മമ്മൂട്ടിയെ കുറിച്ച് പറയുന്നത് കണ്ടു, ഇയാൾ ഭയങ്കര നടൻ ആണല്ലോയെന്ന്. സത്യം പറഞ്ഞാൽ ആ സിനിമയിൽ രണ്ടു സീനിൽ മാത്രമാണ് മമ്മൂട്ടിയുടെ ഒരു എക്സ്ട്രാ ഓർഡിനറി പെർഫോമൻസ് നമ്മൾ കാണുന്നത്. പ്രേക്ഷകരുടെ ഉള്ളിൽ തട്ടുന്ന രണ്ട് മൊമെന്റ്സുണ്ട്. അത് വളരെ നന്നായി അദ്ദേഹം ചെയ്തിട്ടുണ്ട്.

എനിക്കൊരാൾ അതിനെ കുറിച്ച് പിള്ളേര് പറയുന്നത് അയച്ചു തന്നു. അവരോട് അയാൾ പറഞ്ഞത്, പണ്ട് മമ്മൂട്ടിയുടെ ഒരു പടം ഉണ്ടായിരുന്നു തനിയാവർത്തനം, അതിൽ ആദ്യം തൊട്ട് അവസാനം വരെ മമ്മൂട്ടി അത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നായിരുന്നു. സത്യത്തിൽ അത്രയും ഇമോഷൻസിനെ പുതിയ തലമുറയിലെ പലർക്കും തിരിച്ചറിയാൻ പറ്റുന്നില്ല.

അങ്ങനെയൊക്കെ ഉണ്ടാവുമോ എന്നാണ് അവരുടെ സംശയം. അണുകുടുംബങ്ങളായി മാറിയിരിക്കുന്നു. എല്ലാവരും അവരവരുടെ സ്പേസിലേക്ക് മാറുന്നു. അവരുടെ മാറ്റത്തിന് അനുസരിച്ചുള്ള സിനിമകൾ നമുക്ക് ചെയ്യാൻ കഴിയുന്നില്ല. അവർക്ക് വേണ്ടത് കൊടുക്കാൻ നമുക്ക് കഴിയാതെ പോവുന്നുണ്ട്,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayail About Mammooty’s Performance In Kaathal Movie