Entertainment
മമ്മൂക്കയുടെ ആ ചിത്രത്തിന് ശേഷം സിനിമയെ എങ്ങനെ സമീപിക്കണം എന്ന എന്റെ ചിന്ത തന്നെ മാറി: റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 24, 12:06 pm
Friday, 24th January 2025, 5:36 pm

ടി.എ. ഷാഹിദിന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു രാജമാണിക്യം. മമ്മൂട്ടി നായകനായ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയിരുന്നു. അതുവരെ കാണാത്ത ഗെറ്റപ്പിലും ഡയലോഗ് ഡെലിവറിയിലുമാണ് മമ്മൂട്ടി രാജമാണിക്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. ബെല്ലാരി രാജ എന്ന കഥാപാത്രത്തിന് ഇന്നും വലിയ ഫാന്‍ബേസുണ്ട്. റഹ്‌മാനും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

രാജമാണിക്യത്തെക്കുറിച്ചും മമ്മൂട്ടിയെ പറ്റിയും സംസാരിക്കുകയാണ് ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്‌മാന്‍. മമ്മൂട്ടി എടുക്കുന്ന തീരുമാനങ്ങള്‍ ശരിയായിരിക്കുമെന്നും അതിന് ഉദാഹരണമാണ് രാജമാണിക്യം എന്ന സിനിമയെന്നും അദ്ദേഹം പറയുന്നു. ആ ചിത്രം ഒരു മാസ് മസാല പടമായിരിക്കുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ റിലീസിന് ശേഷം ആ ചിന്ത മാറിയെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയെ താന്‍ സമീപിക്കുന്ന രീതിയും രാജമാണിക്യത്തിന് ശേഷം മാറിയെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ തീരുമാനങ്ങളും സിനിമ സെലക്ഷനും തന്നെ ഇന്‍ഫ്ലുവെന്‍സ് ചെയ്യാറുണ്ടെന്നും റഹ്‌മാന്‍ പറയുന്നു.

‘മമ്മൂക്കയെടുക്കുന്നത് മികച്ച തീരുമാനങ്ങളാണ്. കറക്ട് ആയിട്ടുള്ള കാര്യം അദ്ദേഹത്തിന് മനസിലാകും. ഉദാഹരണത്തിന് രാജമാണിക്യം സിനിമ തന്നെയെടുക്കാം. ഞങ്ങള്‍ ആരും ആ ചിത്രം ഇത്ര വലിയ വിജയമാകുമെന്ന് കരുതിയില്ല. ഞാന്‍ വിചാരിച്ചത് എന്താണിത്, ഒരു മസാല സിനിമ പോലെ ആണല്ലോയെന്ന്. പലരും അത് പറയുകയും ചെയ്തിട്ടുണ്ട്.

കൈകൊണ്ടൊക്കെ ഓരോ ആക്ഷന്‍ കാണിക്കാന്‍ പറയുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ഇത് ഭയങ്കര തമാശ ആയിരിക്കും ബോറാണ് വേണ്ടെന്ന് പറയെന്നൊക്കെ പറയുമ്പോള്‍ അദ്ദേഹം നീ അത് ചെയ്യ് കുഴപ്പമില്ല എന്ന് പറയും. അദ്ദേഹം ആ സിനിമയില്‍ വിശ്വസിച്ചിരുന്നു. ആ പടം റിലീസായത്തിന് ശേഷം സിനിമയെ എങ്ങനെ സമീപിക്കണം എന്ന എന്റെ ചിന്ത തന്നെ മാറി.

മമ്മൂക്കയെടുക്കുന്ന തീരുമാനങ്ങളും ആ സിനിമ അദ്ദേഹം ചെയ്യുന്ന രീതിയുമെല്ലാം എന്നെ വല്ലാതെ ഇന്‍ഫ്ലുവെന്‍സ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമയും എല്ലാ തീരുമാനങ്ങളും ശരിയായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഇന്നുവരെ അദ്ദേഹം എടുത്ത തീരുമാനങ്ങളും മമ്മൂട്ടി കമ്പനി ലോഞ്ച് ചെയ്തതുമെല്ലാം കൃത്യ സമയത്തായിരുന്നു,’ റഹ്‌മാന്‍ പറയുന്നു.

Content Highlight: Actor Rahman Talks about Mammootty and Rajamanikyam movie