national news
വീണ്ടും സമരം പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍; എം.പിമാരുടെ വസതിയിലേക്കും ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 24, 12:13 pm
Friday, 24th January 2025, 5:43 pm

ന്യൂദല്‍ഹി: വീണ്ടും സമരം പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളില്‍ എം.പിമാരുടെ ഓഫീസുകളിലേക്കും വസതികളിലേക്കും മാര്‍ച്ച് നടത്താനാണ് തീരുമാനമെന്ന് സംയുരക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

കേന്ദ്ര കാര്‍ഷിക വിപണന നയത്തിനെതിരെയാണ് സമരം. ഇടത് എം.പിമാരുടെയടക്കം മാര്‍ച്ച് നടത്തുമെന്നും കര്‍ഷക സമരത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിനായി കൂടിയാണ് മാര്‍ച്ച് നടത്തുന്നതെന്നും സംഘടനകള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി വരുന്ന 14ന് 5 മണിക്ക് മഹാത്മാഗാന്ധി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ വെച്ച് കേന്ദ്രമന്ത്രിമാരുമായി യോഗം ചേരുന്നതിനായി പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനാ നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം നിരാഹാരം അവസാനിപ്പിച്ച് യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

പിന്നാലെ യോഗത്തിന്റെ നിര്‍ദേശം അംഗീകരിക്കുന്നുവെന്നും നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍ യോഗത്തില്‍ കര്‍ഷക നേതാക്കളെ പ്രതിനിധീകരിക്കുമെന്നും കര്‍ഷക നേതാവ് ഖാക്ക സിങ് കോത്ര നേരത്തെ അറിയിച്ചിരുന്നു.

കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമുള്ള സമഗ്ര വായ്പ പദ്ധതി എഴുതിത്തള്ളണമെന്നും, സ്മാര്‍ട്ട് മീറ്ററുകള്‍, 300 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും വിളകള്‍ക്ക് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത താങ്ങുവില പ്രഖ്യാപിക്കുക, കാര്‍ഷിക കടാശ്വാസം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദല്ലേവാളടക്കമുള്ള കര്‍ഷകര്‍ സമരം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതലാണ് പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അതിര്‍ത്തിയായ ഖനൗരി, ശംഭു അതിര്‍ത്തിയില്‍ രണ്ടാംഘട്ട കര്‍ഷകസമരം ആരംഭിച്ചത്. ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ സുരക്ഷാ സേന അനുമതി നിഷേധിച്ചതിന് പിന്നാലെ കര്‍ഷകര്‍ അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്ത് പ്രതിഷേധിക്കുകയായിരുന്നു.

Content Highlight: Farmers’ organizations have announced another strike; A march will be held to the residence and offices of the MPs