Entertainment news
ഒടുവില്‍ പുറത്തുവന്ന ആറ് ചിത്രങ്ങളും എട്ടു നിലയില്‍ പൊട്ടി; എന്ന് തീരും യശ്‌രാജ് ഫിലിംസിന്റെ കഷ്ടകാലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 24, 10:28 am
Sunday, 24th July 2022, 3:58 pm

ബോളിവുഡിലെ എണ്ണം പറഞ്ഞ നിര്‍മാണ കമ്പനികളില്‍ ഒന്നാണ് യശ് രാജ് ഫിലിംസ്. ബോളിവുഡിലെ എക്കാലത്തെയും നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറവിയെടുത്തത് യശ് രാജ് ഫിലിംസിന്റെ നിര്‍മാണത്തില്‍ ആയിരുന്നു.

പക്ഷെ ഇപ്പോള്‍ അതല്ല അവസ്ഥ ഒടുവില്‍ പുറത്തുവന്ന യശ് രാജ് ഫിലിംസിന്റെ ആറ് ചിത്രങ്ങളും ബോക്സോഫീസില്‍ വമ്പന്‍ പരാജയമായിരുന്നു. യശ് രാജ് നിര്‍മിച്ച് അവസാനം പുറത്തുവന്ന ചിത്രം കരണ്‍ മല്‍ഹോത്രയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപൂറിന്റെ ശംശേറയായിരുന്നു. ചിത്രം വമ്പന്‍ പരാജയമാണ് നേടിയത്.

അതിന് മുമ്പായി പുറത്തുവന്നത് അക്ഷയ് കുമാര്‍ നായകനായ സാമ്രാട്ട് പൃഥ്വിരാജിനും മറ്റൊന്ന് ആയിരുന്നില്ല അവസ്ഥ. ചിത്രം അക്ഷയ് കുമാറിന്റെ സിനിമാ ജീവിതത്തിലെ തന്നെ വമ്പന്‍ പരാജയമാണ് തിയേറ്ററില്‍ രുചിച്ചത്.

2018ല്‍ ആമിര്‍ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവരുള്‍പ്പെട്ട വന്‍ താര നിരയില്‍ ഒരുങ്ങിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലൂടെയാണ് യശ് രാജ് ഫിലിംസ് തുടരെ പരാജയങ്ങള്‍ അറിയാന്‍ തുടങ്ങിയത്.

അതിന് ശേഷം വന്ന ഹൃതിക് റോഷന്‍ ചിത്രം വാറിന് മികച്ച അഭിപ്രായങ്ങള്‍ നേടാന്‍ കഴിഞ്ഞത് ഒഴിച്ചാല്‍ പിന്നീട് വന്ന ചിത്രങ്ങള്‍ എല്ലാം തന്നെ വമ്പന്‍ പരാജയങ്ങളായിരുന്നു.

സന്ദീപ് ആന്‍ഡ് പിങ്കി, ബന്റി ഓര്‍ ബബ്ലി 2, ജയേഷ് ഭായ് ജോര്‍ധാര്‍, തുടങ്ങിയ ചിത്രങ്ങള്‍ ഒക്കെ തന്നെ നിലം തൊടാതെ പരാജയപെടുന്ന കാഴ്ചയാണ് കണ്ടത്. ഇത്തരത്തില്‍ പരാജയ ചിത്രങ്ങളാണ് തുടരെ വരുന്നതെങ്കില്‍ പോലും ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍ യശ് രാജ് ഫിലിംസിന് പ്രതിക്ഷകള്‍ നല്‍കുന്നതാണ്.

ഷാരുഖ് ഖാന്‍ ഏറെ നാളിന് ശേഷം തിരികെയെത്തുന്ന പത്താന്‍, സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ 3 ഒക്കെ ബോക്‌സോഫീസില്‍ വലിയ വിജയമുണ്ടാകും എന്ന് തന്നെ കരുത്തുന്നവയാണ്. മങ്ങി തുടങ്ങിയ ബോളിവുഡ് ആധിപത്യം എന്ന നിലയിലും യശ് രാജ് ഫിലിംസിന്റെ ഈ പരാജയങ്ങളെ വിലയിരുത്തുന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നുണ്ട്.

2022ല്‍ പുറത്തുവന്ന ബോളിവുഡ് ചിത്രങ്ങള്‍ ഒന്നും തന്നെ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയതും തെന്നിന്ത്യന്‍ ചിത്രങ്ങള്‍ നേട്ടം കൊയ്യുന്നതും, റീമേക്കുകളുടെ അതിപ്രസരവുമെല്ലാം പ്രേക്ഷകരെ ബോളിവുഡില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു എന്നാണ് ചര്‍ച്ചയില്‍ ഉയരുന്ന അഭിപ്രായങ്ങള്‍.

നിലവില്‍ 2022ല്‍ റിലീസ് പ്രഖ്യാപിക്കപെട്ടിട്ടുള്ള ബോളിവുഡ് ചിത്രങ്ങളില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നു എന്ന് തോന്നല്‍ ഉണ്ടാകുന്നത് ഷാരുഖ് ചിത്രങ്ങള്‍ മാത്രമാണ്. ആഗസ്റ്റില്‍ റിലീസ് ചെയ്യാനിരിക്കുന്ന ആമിര്‍ഖാന്‍ ചിത്രം ലാല്‍ സിങ് ചദ്ദക്കോ വമ്പന്‍ മുതല്‍മുടക്കില്‍ വരുന്ന രണ്‍ബീര്‍ കപൂര്‍ ആലിയ ചിത്രം ബ്രഹ്‌മാസ്ത്രയോ നിലവില്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ കഴിഞ്ഞിട്ടില്ല എന്നും പറയുന്നവരുണ്ട്.

Content Highlight : Recent movies are produced by yash raj films are big failures in theaters