നിലമ്പൂര്‍: ഒരു നാടിനെ മുഴുവന്‍ നടുക്കിക്കൊണ്ട് ദുരന്തഭൂമികയായി മാറിയ കവളപ്പാറയില്‍ അമ്പതോളം ജീവനുകളെ ഉരുള്‍പൊട്ടിയെത്തിയ മലവെള്ളത്തില്‍ നിന്നും മണ്ണിടിച്ചിലില്‍ നിന്നും രക്ഷപ്പെടുത്തിയത് ഒരു തുരുത്തായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അടക്കം ആ തുരുത്തിനെക്കുറിച്ച് ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
എന്താണ് ആ തുരുത്തിനു പിന്നിലുള്ള കഥ? പത്രങ്ങളിലും ചാനലുകളിലുമായി വന്ന ആ ചിത്രത്തില്‍ കാണുന്നതു തന്നെയാണോ യഥാര്‍ഥ ‘രക്ഷാതുരുത്ത്’?
കവളപ്പാറയില്‍ ചെല്ലുമ്പോള്‍ ദൂരെനിന്നു തന്നെ കാണാനാവുന്ന ഒരു തുരുത്തുണ്ട്. രണ്ടുവശത്തു കൂടിയും ചാല്‍ പോലെ മണ്ണിടിഞ്ഞു വീണതിന്റെ നടുക്കായി നിലനില്‍ക്കുന്ന ആ തുരുത്തിന്റെ ചിത്രമാണ് ഈ വാര്‍ത്തയ്‌ക്കൊപ്പം ആദ്യം നല്‍കിയിരിക്കുന്നത്.
പക്ഷേ അമ്പതോളം പേരെ രക്ഷിച്ചുനിര്‍ത്തിയ രക്ഷാതുരുത്ത് അതല്ല. ചിത്രത്തില്‍ കാണുന്ന തുരുത്തിലുള്ളത് ഒരേയൊരു വീട് മാത്രമാണ്. ആ വീട്ടിലുള്ള ഒരാള്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായതായാണ് റിപ്പോര്‍ട്ട്.
പക്ഷേ ഈ ചിത്രത്തില്‍ തുരുത്തിന് വലതുവശത്തു കാണുന്ന ചാലിന്റെയും അപ്പുറത്താണ് രക്ഷാതുരുത്ത്. ഒറ്റച്ചിത്രത്തില്‍ ഒതുക്കാനാവാത്തത്ര വിസ്തൃതിയുണ്ട് അതിന്. മാത്രമല്ല, മലവെള്ളവും മണ്ണും രണ്ടായി വേര്‍പിരിഞ്ഞത് ആ തുരുത്തിന്റെ മുകളില്‍ വെച്ചാണ് എന്നതാണു വാസ്തവം.
ഈ തുരുത്തിന്റെ ഉള്ളില്‍ നിന്നും മുകളില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഈ വാര്‍ത്തയ്ക്കുള്ളില്‍ കാണുന്നത്. തുരുത്തിനുള്ളില്‍ ഒമ്പത് വീടുകളാണുള്ളത്. കൂട്ടുകുടുംബങ്ങളെപ്പോലെയാണ് ഇവിടെ ആളുകള്‍ താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ അമ്പതോളം പേര്‍ ഇവിടെയുണ്ടായിരുന്നു, ഒരു ക്ഷേത്രവും.
കവളപ്പാറയിലെ ദുരന്തമുണ്ടായ മുത്തപ്പന്‍കുന്നിന് എതിര്‍വശത്തുള്ള മലയില്‍ നിന്നാല്‍ അറിയാം സംഭവിച്ച ദുരന്തത്തിന്റെ ഭീകരത. എന്നാല്‍ പൊലീസ് നിയന്ത്രണമുള്ളതിനാല്‍ അവിടെനിന്നും ചിത്രങ്ങള്‍ പകര്‍ത്താനാവില്ല.
തുരുത്തിലെ താമസക്കാരിയായ പുഷ്പ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്-
‘രാത്രി വീട്ടിലിരിക്കുമ്പോഴാണ് കുന്നിനുമുകളില്‍ വലിയ ശബ്ദം കേട്ടത്. ഒപ്പം ചെളിയും വെള്ളവും താഴേക്കൊഴുകിയെത്തി. ഓടിക്കോ എന്നെല്ലാം അലറിവിളിക്കുന്നത് കേള്‍ക്കാമായിരുന്നു. ഞങ്ങളും വീട്ടില്‍നിന്നിറങ്ങിയോടി.
അധികം മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. മുന്നിലെ തോട് നിറഞ്ഞുകവിഞ്ഞിരുന്നു. വീടിന്റെ വശങ്ങളിലൂടെ ഭയങ്കര ശബ്ദത്തോടെ മണ്ണ് ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നുമില്ല. വശങ്ങളില്‍നിന്ന് ചെളിയും വെള്ളവും ഞങ്ങള്‍ നിന്ന ഭാഗത്തേക്ക് അടിച്ചു കയറി. പിന്നില്‍ വീടുനില്‍ക്കുന്ന ഭാഗത്തു മാത്രമാണ് പ്രശ്നമില്ലാതെ കണ്ടത്. ഞങ്ങള്‍ തിരിഞ്ഞോടി. രാത്രി വീടിനു സമീപം ഭയന്നു വിറച്ച് ഉറങ്ങാതിരുന്നു.’
ചിത്രങ്ങള്‍: പ്രമോദ് എം