റയല്‍ മാഡ്രിഡില്‍ കരിം ബെന്‍സെമയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഈ സീസണിന്റെ അവസാനത്തോടെ ലോസ് ബ്ലാങ്കോസുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരം ക്ലബ്ബില്‍ തുടരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ താരത്തിന് പകരക്കാരനായി ബ്രസീല്‍ സൂപ്പര്‍താരം റിച്ചാര്‍ലിസണെ റയല്‍ ക്ലബ്ബിലെത്തിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വാര്‍ത്താ ഏജന്‍സിയായ എ.എസ്. ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിനായി ബൂട്ടുകെട്ടുന്ന റിച്ചാര്‍ലിസണ് 2027 വരെയാണ് ക്ലബ്ബുമായി കരാര്‍ ഉള്ളത്. വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ 26കാരനായ താരത്തെ ക്ലബ്ബിലെത്തിക്കാനാണ് റയല്‍ പദ്ധതിയിടുന്നത്. എവര്‍ട്ടണില്‍ നിന്ന് കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ഹോട്‌സ്പറില്‍ എത്തിയ താരം ഈ സീസണില്‍ ഇതുവരെ കളിച്ച 32 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് അക്കൗണ്ടിലാക്കിയത്.
റിച്ചാര്‍ലിസണ് പുറമെ പി.എസ്.ജി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടി മെഷീന്‍ എര്‍ലിങ് ഹാലണ്ടിനെയും റയല്‍ നോട്ടമിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ലാ ലിഗയില്‍ ഇതുവരെ കളിച്ച 21 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകളാണ് ബെന്‍സെമ അക്കൗണ്ടിലാക്കിയത്. ഈ സീസണില്‍ റയലിനായി കളിച്ച 37 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളാണ് ബെന്‍സെമയുടെ സമ്പാദ്യം.
ഇതിനിടെ, കോപ്പ ഡെല്‍ റേ ട്രോഫിയില്‍ റയല്‍ മാഡ്രിഡ് വിജയിച്ചിരുന്നു. 2014ന് ശേഷം ആദ്യമായാണ് റയല്‍ മാഡ്രിഡ് ഈ ടൈറ്റില്‍ തങ്ങളുടെ പേരിലാക്കുന്നത്. ഈ സീസണിലെ മൂന്നാമത്തെ ട്രോഫിയാണ് റയല്‍ സ്വന്തമാക്കുന്നത്. ചാമ്പ്യന്‍സ് ലീഗിലും മികച്ച പ്രകടനമാണ് ക്ലബ്ബ് കാഴ്ചവെക്കുന്നത്.
കോപ്പയില്‍ ഒസാസുനക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി റോഡ്രിഗോയാണ് ലോസ് ബ്ലാങ്കോസിനായി തിളങ്ങിയത്. കളിയുടെ 2, 70 മിനിട്ടുകളിലായിരുന്നു താരം വല കുലുക്കിയത്. 58ാം മിനിട്ടില്‍ ലൂക്കാസ് ടോറോ ഒസാസുനക്കായി ആശ്വാസ ഗോള്‍ നേടി.
മെയ് 18 യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം. സെമി ഫൈനലിലെ ഒന്നാം പാദ മത്സരം സാന്തിയാഗോ ബെര്‍ണബ്യൂവിലാണ് നടക്കുക