എംബാപ്പെയെ കാത്തിരിക്കുന്ന റയല്‍ മാഡ്രിഡിന് കനത്ത തിരിച്ചടി
Football
എംബാപ്പെയെ കാത്തിരിക്കുന്ന റയല്‍ മാഡ്രിഡിന് കനത്ത തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th August 2023, 9:49 am

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ 2024 വരെയാണ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്ക് നിലവില്‍ കരാറുള്ളത്. കരാര്‍ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി ക്ലബ്ബ് വിടാനായിരുന്നു എംബാപ്പെയുടെ ആഗ്രഹം. തുടര്‍ന്ന് തന്റെ സ്വപ്ന ക്ലബ്ബായ റയല്‍ മാഡ്രിഡിനൊപ്പം ചേരാനും താരം പദ്ധതിയിട്ടിരുന്നു.

എന്നാല്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടര്‍ന്നില്ലെങ്കില്‍ താരത്തെ വെറുതെ പോകാന്‍ അനുവദിക്കില്ലെന്നായിരുന്നു പി.എസ്.ജിയുടെ നിലപാട്. ലോകത്തെ ഏറ്റവും മൂല്യമുള്ള താരങ്ങളില്‍ ഒരാളെ ഫ്രീ ഏജന്റായി വിട്ടയച്ചാല്‍ അത് ക്ലബ്ബിനുണ്ടാക്കിയേക്കാവുന്ന നഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പാരീസിയന്‍സിന്റെ വാദം. തന്റെ തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ ഈ സീസണില്‍ തന്നെ ക്ലബ്ബ് വിട്ട് പോകണമെന്നും പി.എസ്.ജി എംബാപ്പെയെ അറിയിച്ചിരുന്നു.

പി.എസ്.ജി നിലപാട് ശക്തമാക്കിയതോടെ എംബാപ്പെ പി.എസ്.ജിയുമായി ഒരുവര്‍ഷത്തേക്കുകൂടി കരാര്‍ പുതുക്കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റിലീസ് ക്ലോസ് ഉള്‍പ്പെടുത്തിയുള്ള കരാറായിരിക്കും പി.എസ്.ജി ഇനി തയ്യാറാക്കുക. ഇതനുസരിച്ച് അടുത്ത സീസണില്‍ എംബാപ്പെയെ സ്വന്തമാക്കുന്ന ക്ലബ് പി.എസ്.ജിക്ക് ട്രാന്‍സ്ഫര്‍ തുക നല്‍കണം.

നിലവില്‍ എംബാപ്പെയുടെ കരാറില്‍ റിലീസ് ക്ലോസില്ല. ക്ലബിന്റെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനായ എംബാപ്പെയെ മൊണാക്കോയില്‍ നിന്ന് 180 ദശലക്ഷം യൂറോ മുടക്കിയാണ് പി.എസ്.ജി ക്ലബ്ബിലെത്തിച്ചത്.


റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരേസിന്റെ സ്വപ്നമാണ് ഫ്രഞ്ച് സൂപ്പര്‍ താരത്തെ ക്ലബ്ബിലെത്തിക്കുക എന്നുള്ളത്. എന്നാല്‍ പി.എസ്.ജി നിലപാട് ശക്തമാക്കിയതിനാല്‍ എംബാപ്പെയെ ഈ സീസണില്‍ സ്വന്തമാക്കാന്‍ റയലിന് മറ്റുമാര്‍ഗങ്ങള്‍ ഒന്നുമില്ലതാനും. താരം ഫ്രീ ഏജന്റ് ആകുന്നത് വരെ കാത്തിരിക്കാനാണ് ലോസ് ബ്ലാങ്കോസിന്റെ തീരുമാനം.

Content Highlights: Real Madrid can’t sign with Kylian Mbappe in this season