ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് – മുംബൈ ഇന്ത്യന്‍സ് മത്സത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ എം.എസ്. ധോണി ഹോം ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വാംഖഡെ സ്‌റ്റേഡിയത്തില്‍ സച്ചിനെ സാക്ഷിയാക്കിയായിരുന്നു മുംബൈ ഇന്ത്യന്‍സ് ആദ്യ ഇന്നിങ്‌സിനായി ഇറങ്ങിയത്.
മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ സ്പിന്നര്‍മാര്‍ ചേര്‍ന്ന് തളച്ചിട്ടിരുന്നു. രവീന്ദ്ര ജഡേജയും മിച്ചല്‍ സാന്റ്‌നറും ചേര്‍ന്ന് മുംബൈ ബാറ്റര്‍മാരെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു.
ചെന്നൈ നിരയില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത് രവീന്ദ്ര ജഡേജയായിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ് 20 റണ്‍സ് മാത്രം വഴങ്ങിയ ജഡ്ഡു മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു.
മത്സരത്തിന്റെ 13ാം ഓവറിലായിരുന്നു തിലക് വര്‍മയുടെ മടക്കം. 18 പന്തില്‍ നിന്നും രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമായി മികച്ച രീതിയില്‍ ബാറ്റ് ചെയ്യവെയായിരുന്നു താരം മടങ്ങിയത്.
രവീന്ദ്ര ജഡേജയെ സിക്‌സറിന് പറത്തി മുംബൈ ആരാധകരെ ആവേശത്തിലാഴ്ത്തിയ ശേഷമായിരുന്നു തിലക് വര്‍മയുടെ മടക്കം. 13ാം ഓവറിലെ അഞ്ചാം പന്തില്‍ ജഡേജയെ സിക്‌സറിന് പറത്തിയ തിലക് വര്‍മക്ക് തൊട്ടടുത്ത പന്തില്‍ തന്നെ ജഡേജ മറുപടി നല്‍കിയിരുന്നു.
അതേസമയം, നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് മുംബൈ നേടിയത്. അവസാന ഓവറുകളില്‍ മോശമല്ലാത്ത രീതിയില്‍ ബാറ്റ് വീശിയ ഹൃതിക് ഷോകീനാണ് മുംബൈ ഇന്ത്യന്‍സിനെ 150 റണ്‍സ് കടത്തിയത്.