ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ബ്രിസ്‌ബേനിലെ ഗാബയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ 13.2 ഓവര്‍ പിന്നിട്ട് ഓസീസ് 28 റണ്‍സ് എന്ന നിലയില്‍ ആയപ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു.
മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവനില്‍ മൂന്ന് പ്രധാന മാറ്റങ്ങളാണ് വരുത്തിയത്. ഓള്‍ റൗണ്ടര്‍ അശ്വിനെ പുറത്തിരുത്തി രവീന്ദ്ര ജഡേജയ്ക്ക് അവസരം നല്‍കിയിരിക്കുകയാണ്. മാത്രമല്ല പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പകരം ആകാശ് ദീപിനെയും ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തി.
Rain restricts play to only 13.2 overs in the opening session at the Gabba 🌧️ #WTC25 | Follow #AUSvIND live 👉 https://t.co/MAzTLSWAhv pic.twitter.com/NBvgQP7FSU
— ICC (@ICC) December 14, 2024
ഇന്ത്യന്‍ ഇലവനില്‍ ഏവരും പ്രതീക്ഷിച്ച മറ്റൊരു മാറ്റമാണ് രോഹിത് ശര്‍മയുടേയും കെ.എല്‍. രാഹുലിന്റെയും സ്ലോട്ടുകള്‍. ഇപ്പേള്‍ രോഹിത്തിന്റെ ഓപ്പണിങ് സ്ലോട്ടില്‍ കെ.എല്‍. രാഹുലിന് തന്നെ നല്‍കുകയും രോഹിത് മിഡ് ഓര്‍ഡറില്‍ കളിക്കാനുമാണ് തീരുമാനിച്ചത്.
മത്സരം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ പ്ലെയിങ് ഇലവനിലെ മാറ്റങ്ങളെക്കുറിച്ച് ഡേവിഡ് വാര്‍ണര്‍ രവിശാസ്ത്രിയോട് ചോദിച്ചിരുന്നു. ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു.
‘ഇന്ത്യന്‍ ഇലവനില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു താരമാണ് രവീന്ദ്ര ജഡേജ. അദ്ദേഹം മികച്ച ബാറ്ററാണ്, സ്ലോ ബൗളിങ്ങിലൂടെ വിക്കറ്റുകള്‍ വീഴ്ത്തുന്നതിലും മിടുക്കനാണ്. അവന്റെ പക്കല്‍ എപ്പോഴും ഒരു തീയുണ്ടാകും. അതുകൊണ്ട് തന്നെ ജഡേജയെ ഉള്‍പ്പെടുത്തിയത് ശരിയായ തീരുമാനമാണെന്ന് എനിക്ക് തോന്നുന്നു. മാത്രമല്ല ആകാശ് ഇവിടെ പന്തെറിയുന്നത് ആസ്വദിക്കും. അവന്റെ അടുത്ത് മികച്ച കളി ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ രവി ശാസ്ത്രി സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
മൂന്നാം ടെസ്റ്റില്‍ അശ്വിന് പകരക്കാരനായി സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യന്‍ ഇലവനില്‍ ഉള്‍പ്പെടുത്തുമെന്ന് പലരും വിശ്വസിച്ചിരുന്നു. താരത്തെക്കുറിച്ചുള്ള വാര്‍ണര്‍ണറിന്റെ ചോദ്യത്തിനും ശാസ്ത്രി മറുപടി പറഞ്ഞു.
‘സൂര്യന്‍ അസ്തമിക്കുകയോ നല്ല വെയിലുണ്ടെങ്കിലോ അവന് കളിക്കാമായിരുന്നു. കളിയില്‍ കാലാവസ്ഥയും മഴയും പ്രതീക്ഷിക്കുന്നതിനാല്‍ അവര്‍ ജഡേജയ്ക്കൊപ്പം പോകാന്‍ തീരുമാനിച്ചു,’ ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ കങ്കാരുക്കള്‍ക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത് ഉസ്മാന്‍ ഖവാജയും നഥാന്‍ മക്‌സ്വീനിയുമാണ്. ഉസ്മാന്‍ 47 പന്തില്‍ നിന്ന് മൂന്ന് ഫോര്‍ അടക്കം 19* റണ്‍സ് നേടിയപ്പോള്‍ നഥാന്‍ 33 പന്തില്‍ നാല് റണ്‍സ് നേടി മിന്നും ഡിഫന്റാണ് കാഴ്ചവെച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങിനെത്തിയത് ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ആകാശ് ദീപുമാണ്.
ആദ്യം ബാറ്റ് ചെയ്ത ഓസീസിന് മഴ ഒരു തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. മികച്ച തുടക്കമായിരുന്നെങ്കിലും മഴ പെയ്തതോടെ പിച്ച് ഇനി ബൗളര്‍മാരെ പിന്തുണയ്ക്കാനാണ് സാധ്യത. ഈ അവസരം മുതലെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചാല്‍ ഓസീസിനെ പെട്ടന്ന് തളയ്ക്കാന്‍ സാധിക്കും.
Content Highlight: Ravi Shastri Talking About Ravindra Jadeja In Third Test In Border Gavaskar Trophy