ഇന്ത്യ-അയര്‍ലാന്‍ഡ് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഞായറാഴ്ച ആരംഭിക്കും. സീനിയര്‍ താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തിന് പോയതിനാല്‍ യുവനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ അടക്കം ഒരുപാട് യുവതാരങ്ങളുണ്ട്.
ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ത്രിപാഠിയേയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് ത്രിപാഠിക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നത്. എന്നാല്‍ പ്ലെയിങ് ഇലവനില്‍ താരത്തെ ഉള്‍പ്പെടുത്തുമൊ എന്ന് കണ്ടറിയണം.
മുന്‍ ഇന്ത്യന്‍ താരവും കോച്ചുമായിരുന്ന രവി ശാസ്ത്രയുടെ അഭിപ്രായത്തില്‍ ത്രപാഠിയെ ആദ്യ ഇലവനില്‍ ഇറക്കണമെന്നാണ്. അയാള്‍ ക്രീസില്‍ ഉണ്ടെങ്കില്‍ സ്‌കോര്‍ ബോര്‍ഡ് ചലിച്ചുകൊണ്ടിരിക്കുമെന്നും അയാള്‍ക്ക് ഒരു എതിരാളിയേയും ഭയമില്ലെന്നും ശാസ്ത്രി പറഞ്ഞു.
‘അദ്ദേഹം ക്രീസിലിരിക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡ് ചലിച്ചു കൊണ്ടിരിക്കുന്നു. അവന് എഡ്ജ്ഡ് ബോളുകള്‍ കുറവാണ്,’ ശാസ്ത്രി പറഞ്ഞു.
‘ഷോട്ട് മേക്കിങ് കഴിവ്, എല്ലാ ഭാഗത്തേക്കും ,ഷോട്ടുകള്‍ കളിക്കുന്ന ഓള്‍റൗണ്ട് ഗെയിം. ഏതെങ്കിലും എതിരാളികളെയോ ഏതെങ്കിലും ബൗളറെയോ അവന്‍ ഭയക്കുന്നില്ല. അവന്‍ മികച്ച നിരക്കില്‍ സ്‌കോര്‍ ചെയ്യുന്നു. മൂന്നാമന്റെ ജോലി എന്താണെന്ന് നിങ്ങള്‍ക്കറിയാം, അത് മികച്ച രീതിയില്‍ ചെയ്യാന്‍ അവനെകൊണ്ട് സാധിക്കും,’ ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരുപാട് താരങ്ങള്‍ അവസരം കാത്തുനില്‍ക്കുന്ന ഇന്ത്യന്‍ ടീമില്‍ ത്രിപാഠിക്ക് അവസരം ലഭിക്കുമോ എന്നുറപ്പില്ല. എങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള ഐ.പി.എല്ലിലെ പ്രകടനത്തിന് അദ്ദേഹം ടീമില്‍ ഒരു സ്ഥാനം അര്‍ഹിക്കുന്നുണ്ട്.
ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരബാദിനായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. 14 മത്സരത്തില്‍ നിന്നും 158 പ്രഹര ശേഷിയില്‍ 413 റണ്‍സാണ് ത്രപാഠി സ്‌കോര്‍ ചെയ്തത്. 37.55 ശരാശരിയിലായിരുന്നു താരം ബാറ്റ് വീശിയത്.