Entertainment
ക്ലീന്‍ വിഷന്‍ ഉള്ള സംവിധായകന്‍; സിനിമ എന്താണെന്ന് ഞാന്‍ പഠിച്ചത് അവിടെ നിന്ന്: ഖാലിദ് റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 06, 08:06 am
Sunday, 6th April 2025, 1:36 pm

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ് അങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. തല്ലുമാല എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആലപ്പുഴ ജിംഖാന എന്ന പുതിയ ചിത്രവുമായി എത്തുകയാണ് ഖാലിദ് റഹ്‌മാന്‍. നസ്ലെന്‍, ലുക്മാന്‍ അവറാന്‍, ഗണപതി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ഇപ്പോള്‍ ഉസ്താദ് ഹോട്ടലില്‍ അന്‍വര്‍ റഷീദിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചപ്പോള്‍ എന്തൊക്കെ പാഠങ്ങളാണ് താന്‍ മനസിലാക്കിയത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഖാലിദ് റഹ്‌മാന്‍.

ചെറിയ കാര്യങ്ങള്‍ തുടങ്ങി വലിയ കാര്യങ്ങള്‍ വരെ താന്‍ പഠിച്ചതും മനസിലാക്കിയതും ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ നിന്നാണെന്നും സംവിധായകന്‍ എന്ന നിലയില്‍ ക്ലീന്‍ വിഷനുള്ള വ്യക്തിയാണ് അന്‍വര്‍ റഷീദ് എന്നും ഖാലിദ് റഹ്‌മാന്‍ പറയുന്നു. ടെക്‌നിക്കല്‍ സൈഡ് മുതല്‍ എല്ലാകാര്യങ്ങളും നന്നായി മാനേജ് ചെയ്യാന്‍ കഴിയുന്ന സംവിധായകനാണ് അദ്ദേഹമെന്നും സിനിമ എന്താണെന്ന് താന്‍ പഠിച്ചത് അവിടെ നിന്നാണെന്നും ഖാലിദ് റഹ്‌മാന്‍ പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്‍വര്‍ ഇക്കയെ ഞങ്ങള്‍ വിളിക്കുന്നത് അബൂക്ക എന്നാണ്. ഉസ്താദ് ഹോട്ടല്‍, അവിടെ എനിക്ക് ഒരു ഫിലിം മേക്കിങ് യൂണിവേഴ്‌സിറ്റി പോലെയായിരുന്നു. ചെറിയ കാര്യങ്ങള്‍ തുടങ്ങി വലിയകാര്യങ്ങള്‍ വരെ ഞാന്‍ പഠിച്ചതും മനസിലാക്കിയതും അവിടെ നിന്നാണ്. ഒരു ക്ലീന്‍ വിഷന്‍ ഉള്ള സംവിധായകനാണ് അന്‍വര്‍ ഇക്ക. എഴുത്തിലാണെങ്കിലും എഡിറ്റിങ് പോലെ ടെക്‌നിക്കല്‍ സൈഡായിട്ടുള്ള കാര്യങ്ങളാണെങ്കിലും എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് വ്യക്തമായിട്ടറിയാം.

ഒരു സെറ്റിനെ മാനേജ് ചെയ്യാനും ആളുകളെ ഡീല്‍ ചെയ്യാനും അന്‍വര്‍ ഇക്കയ്ക്ക് നന്നായി അറിയാം. ഉസ്താദ് ഹോട്ടലില്‍ നിന്നാണ് ഞാന്‍ സിനിമ എന്താണെന്ന് പഠിച്ചത്, അല്ലെങ്കില്‍ ഇതാണ് സിനിമ എന്ന് മനസിലാക്കിയത്. അത് ഒരു വലിയ പാഠമായിരുന്നു,’ ഖാലിദ് റഹ്‌മാന്‍ പറയുന്നു.

Content Highlight: Khalid Rahman about  Anwar Rasheed and Ustad hotel