സൂര്യകുമാറിന്റെ കാര്യത്തില്‍ അത് ചെയ്താല്‍ ഞാനൊരു ആനമണ്ടനായി പോകും: രവി ശാസ്ത്രി
Sports
സൂര്യകുമാറിന്റെ കാര്യത്തില്‍ അത് ചെയ്താല്‍ ഞാനൊരു ആനമണ്ടനായി പോകും: രവി ശാസ്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 21st November 2022, 12:50 pm

ടി-20 ഫോര്‍മാറ്റിലെ ഇന്ത്യയുടെ കുന്തമുനയായ സൂര്യകുമാര്‍ യാദവ് വിളിപ്പേരായ സ്‌കൈ പോലെ ആകാശം തൊടുന്ന പെര്‍ഫോമന്‍സായിരുന്നു കഴിഞ്ഞ ദിവസം കാഴ്ച വെച്ചത്. 51 പന്തില്‍ നിന്നും 217.65 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം 111 റണ്‍സ് നേടിയത്. സ്‌കൈ തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും.

സൂര്യകുമാറിനെ അഭിനന്ദനങ്ങളില്‍ മൂടുന്നതിന്റെ തിരക്കിലാണ് ഇന്ത്യന്‍ ആരാധകരും മുന്‍ കളിക്കാരുമെല്ലാം. ഇന്ത്യയുടെ സ്വന്തം മിസ്റ്റര്‍ 360യെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നാണ് ഓരോരുത്തരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും കോച്ചുമായിരുന്ന രവി ശാസ്ത്രിയും സൂര്യകുമാറിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റെ ബൗണ്ടറികളെല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നതാണെന്നാണ് രവി ശാസ്ത്രി പറയുന്നത്. സൂര്യകുമാറെടുത്ത അവസാന 64 റണ്‍സിന്റെ സ്‌ട്രൈക്ക് റേറ്റ് അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സൂര്യകുമാറിന്റെ ഇന്നിങ്‌സിലെ ഏറ്റവും മികച്ച ഷോട്ട് എന്ന് പറഞ്ഞ് ഏതെങ്കിലും തിരഞ്ഞെടുത്താല്‍ ഞാനൊരു മണ്ടനായി പോകും. കാരണം എല്ലാ ഷോട്ടുകളും അത്രക്ക് സ്‌പെഷ്യലാണ്. അവന്‍ എടുത്ത അവസാന 64 റണ്‍സ് വന്നത് വെറും 18 ബൗണ്ടറികളില്‍ നിന്നാണ്. അപ്പോള്‍ അവന്റെ സ്‌ട്രൈക്ക് റേറ്റ് 350 ആയിരുന്നു,’ രവി ശാസ്ത്രി പറഞ്ഞു.

 

വിരാട് കോഹ്‌ലിയും സൂര്യകുമാറിന്റെ പ്രകടനത്തെ രസകരമായ ഒരു ട്വീറ്റിലൂടെ അഭിനന്ദിച്ചിരുന്നു.  ‘ഞങ്ങളുടെ ഏറ്റവും മികച്ച കളിക്കാരന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരന്‍ താനാണെന്ന് വീണ്ടും കാണിച്ചുതരുകയാണ്. കളി ലൈവായി കാണാന്‍ പറ്റിയില്ല. പക്ഷെ ഇതൊക്കെ അവന് വെറും വീഡിയോ ഗെയിം ഇന്നിങ്സ് പോലെയാണ്,’ സൂര്യകുമാര്‍ യാദവിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍  കോഹ്‌ലി പറഞ്ഞു.

അഭിനന്ദിച്ചവരോടെല്ലാം നന്ദിയുണ്ടെന്നും കളി ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള പ്രചോദനമായാണ് താന്‍ ഇതിനെയെല്ലാം കാണുന്നതെന്നുമാണ് സൂര്യകുമാറിന്റെ പ്രതികരണം.

ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ ടി-20 മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ രണ്ടാം മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യം വെച്ചായിരുന്നു ഞായറാഴ്ച ഇരു ടീമും ബേ ഓവലില്‍ കളത്തിലിറങ്ങിയത്. ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് പറഞ്ഞയച്ചു.

എന്നാല്‍ സൂര്യകുമാര്‍ എന്ന മലവെള്ളപ്പാച്ചിലില്‍ കിവി പക്ഷികള്‍ ഒലിച്ചു പോവുകയായിരുന്നു. 51 പന്തില്‍ നിന്നും 111 റണ്‍സുമായി ഇന്നിങ്‌സിനെ മുന്നില്‍ നിന്നും നയിച്ച താരത്തിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ന്യൂസിലാന്‍ഡ് നിരയില്‍ പന്തെറിഞ്ഞ താരങ്ങളെല്ലാം തന്നെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ തല്ല് വാങ്ങിക്കൂട്ടിയപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 19ാം ഓവറില്‍ സ്‌കൈ തന്റെ മാജിക് മുഴുവന്‍ പുറത്തെടുത്തു.

19ാം ഓവറിലെ ആദ്യ പന്ത് ഫോറടിച്ചാണ് സൂര്യകുമാര്‍ യാദവ് തുടങ്ങിയത്. രണ്ടാം പന്തില്‍ റണ്‍സൊന്നും പിറന്നിരുന്നില്ല. അടുത്ത മൂന്ന് പന്തുകളില്‍ ബൗണ്ടറിയടിച്ച സൂര്യകുമാര്‍ ആറാം പന്ത് സിക്‌സറിന് തൂക്കിയാണ് ഓവര്‍ അവസാനിപ്പിച്ചത്.

അങ്ങനെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി.

192 റണ്‍സ് വിജയലക്ഷ്യമാക്കിയിറങ്ങിയ കിവീസിന് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ ഫിന്‍ അലന്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ അര്‍ഷ്ദീപ് സിങ്ങിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

കിവീസിനായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 52 പന്തില്‍ നിന്നും 61 റണ്‍സ് നേടിയിരുന്നു. എന്നാല്‍ താരത്തിന് പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയതോടെ ന്യൂസിലാന്‍ഡ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 18.5 ഓവറില്‍ 126 റണ്‍സിന് ന്യൂസിലാന്‍ഡ് ഓള്‍ ഔട്ടായി.

അതേസമയം നവംബര്‍ 22നാണ് ഇന്ത്യയുടെ അടുത്ത മത്സരം. മക്ലെറന്‍ പാര്‍ക്കിലാണ് ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലെ മൂന്നാം ടി-20 നടക്കുന്നത്.

Content Highlight: Ravi Shastri praises Suryakumar Yadav for his last Innings against New Zealand