ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ നാലാം മത്സരത്തിലാണ് ഇരുവരും ഇറങ്ങുന്നത്.
ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെക്കുറിച്ചും വിരാട് കോഹ്‌ലിയെക്കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. വിരാട് കോഹ്‌ലി ഐ.പി.എല്ലിന്റെ ആത്മാവാണെന്നും മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റിന്റെ ആത്മാവാണെന്നുമാണ് സിദ്ദു പറഞ്ഞത്. മാത്രമല്ല ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സ് മുന്നേറണമെന്നും ജസ്പ്രീത് ബുംറ വൈകാതെ ടീമിലെത്തുമെന്നും സിദ്ദു പ്രതീക്ഷ പ്രകടിപ്പിച്ചു.
‘ഐ.പി.എല്ലിന്റെ ഹൃദയമിടിപ്പാണ് വിരാട് കോഹ്‌ലിയാണ്, അതേസമയം മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റിന്റെ ആത്മാവും. മുന്‍ കാലങ്ങളെ വിലയിരുത്തിയാല്‍ ഇപ്പോള്‍ നടക്കുന്ന സീസണിന് അവര്‍ എലിമിനേറ്റ് ആകുന്നത് താങ്ങാന്‍ കഴിയില്ല.
പതിനെട്ടാം സീസണില്‍ ഇന്ത്യന്‍സ് കൂടുതല്‍ ദൂരം മുന്നേറേണ്ടത് ടൂര്‍ണെന്റിന് പ്രധാനമാണ്. ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ അവര്‍ കൂടുതല്‍ ശക്തരാകും. അവന്‍ എത്രയും വേഗം ആരോഗ്യവാനായി തിരിച്ചെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ നവ്‌ജോത് സിങ് സിദ്ദു പറഞ്ഞു.
പോയിന്റ് ടേബിളില്‍ മുംബൈ ആറാം സ്ഥാനത്തും സൂപ്പര്‍ ജയന്റ്‌സ് ഏഴാം സ്ഥാനത്തുമാണ്. ഇരുവരും തങ്ങളുടെ രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്. മോശം ഫോമില്‍ തുടരുന്ന ലഖ്നൗ നായകന്‍ റിഷബ് പന്തും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുമായാണ് ഇന്നത്തെ മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രം. മൂന്ന് മത്സരങ്ങളില്‍ നിന്ന് 17 റണ്‍സാണ് പന്ത് ഈ സീസണില്‍ നേടിയത്.
Content Highlight: IPL 2025: Navjot Singh Sidhu Talking About Mumbai Indians And Virat Kohli