Entertainment
കസബയെക്കുറിച്ച് പാർവതി പറഞ്ഞത് ശരിയായിരുന്നു, മമ്മൂട്ടിയെ പോലൊരു ഹീറോ ചെയ്യുമ്പോൾ ആളുകൾ ശ്രദ്ധിക്കും: കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 04, 10:37 am
Friday, 4th April 2025, 4:07 pm

മമ്മൂട്ടി നായകനായി എത്തി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത സിനിമയായിരുന്നു കസബ. ചിത്രത്തിലെ ഒരു സീനിനെതിരെ നടി പാർവതി തിരുവോത്ത് രംഗത്ത് വന്നിരുന്നു. ഐ. എഫ്. എഫ്. കെയിലെ ഒരു ഓപ്പൺ ഫോറത്തിൽ വെച്ചിട്ടുള്ള ചർച്ചയിലാണ് പാർവതി വിമർശനം ഉന്നയിച്ചത്.

ഇപ്പോൾ പാർവതിയുടെ വിമർശനം ശരിയായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ കമൽ.

കസബയുടെ ചർച്ച നടന്നത് ഐ. എഫ്. എഫ്. കെയിലെ ഒരു ഓപ്പൺ ഫോറത്തിൽ വെച്ചിട്ടുള്ള ചർച്ചയിലാണെന്നും അന്ന് താൻ അവിടെ ഉണ്ടായിരുന്നുവെന്നും കമൽ പറയുന്നു. അത്തരം ചർച്ച ആവശ്യമായിരുന്നു എന്നാണ് തനിക്ക് തോന്നുന്നതെന്നും പാർവതി അത് പറഞ്ഞതിനെ താൻ അഭിനന്ദിക്കുന്നുവെന്നും കമൽ പറഞ്ഞു.

ഒരു കാലത്ത് അത്തരം കാര്യങ്ങളൊന്നും തെറ്റാണെന്ന് പ്രേക്ഷകർക്കും എഴുത്തുകാർക്കും സംവിധായകർക്കും തോന്നിയിട്ടില്ലെന്നും കമൽ പറയുന്നു. അത്തരം കാര്യങ്ങൾ തെറ്റാണെന്ന് തിരിച്ചറിയാൻ ആ ചർച്ച സഹായിച്ചെന്നും അതുകൊണ്ട് അതിനെ കുറ്റം പറയാൻ സാധിക്കില്ലെന്നും കമൽ വ്യക്തമാക്കി. മമ്മൂട്ടിയെ പോലൊരു ഹീറോ പറയുമ്പോഴാണ് അത് പ്രശ്നമാകുന്നതെന്നും കമൽ കൂട്ടിച്ചേർത്തു. മീഡിയ വൺ ചാനലിനോട് സംസാരിക്കുകയായിരുന്നു കമൽ.

 

കസബയുടെ സംഭവം ഉണ്ടായത് ഐ. എഫ്. എഫ്. കെയിലെ ഒരു ഓപ്പൺ ഫോറത്തിൽ വെച്ചിട്ടുള്ള ചർച്ചയിലാണ്. അന്ന് ഞാൻ സാക്ഷിയാണ്. ആ സംഭവം അവർ (പാർവതി) അവിടെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞങ്ങളൊക്കെ അവിടെ ഉണ്ടായിരുന്നു.

ആ ചർച്ച ആവശ്യമായിരുന്നു എന്നാണ് എൻ്റെ അഭിപ്രായം. കാരണം കാലഘട്ടത്തിൻ്റെ ആവശ്യം കുറെ സ്ത്രീകൾ വിളിച്ചു പറഞ്ഞു എന്നതിനെ ഞാൻ അഭിനന്ദിക്കുകയാണ്.

ഒരു കാലഘട്ടത്തിൽ അതൊന്നും തെറ്റായിട്ട് പ്രേക്ഷകർക്ക് തോന്നിയിട്ടില്ല, എഴുത്തുകാർക്ക് തോന്നിയിട്ടില്ല, സംവിധായകർക്കും തോന്നിയിട്ടില്ല. പക്ഷെ ഇന്നത് തെറ്റാണെന്ന് തിരിച്ചറിയാൻ ആ ഒരു ചർച്ച സഹായിച്ചു എന്ന് എനിക്ക് തോന്നുന്നു. ആ ചർച്ച കുറച്ച് വേഗതയുണ്ടാക്കി. അതുകൊണ്ട് അതിനെ നമുക്ക് കുറ്റം പറയാൻ പറ്റില്ല. അത്തരം കാര്യങ്ങൾ ഒഴിവാക്കേണ്ടത് തന്നെയാണ് സിനിമയിൽ. അതും മമ്മൂട്ടിയെ പോലൊരു ഹീറോ പറയുമ്പോൾ ആളുകൾ ശ്രദ്ധിക്കും,’ കമൽ പറഞ്ഞു.

Content Highlight: Parvathy was right about Kasaba, people will pay attention when you make a hero like Mammootty says Director Kamal