പോക്കറ്റടിക്കാരേക്കാള്‍ വേഗത, അതൊക്കെയാണ് മക്കളെ വിക്കറ്റ് കീപ്പിംഗ്; ധോണിയെ പുകഴ്ത്തി രവി ശാസ്ത്രി
Cricket
പോക്കറ്റടിക്കാരേക്കാള്‍ വേഗത, അതൊക്കെയാണ് മക്കളെ വിക്കറ്റ് കീപ്പിംഗ്; ധോണിയെ പുകഴ്ത്തി രവി ശാസ്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd September 2021, 7:28 pm

ഓവല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വിക്കറ്റ് കീപ്പിംഗ് മികവിനെ പുകഴ്ത്തി പരിശീലകന്‍ രവി ശാസ്ത്രി. വിക്കറ്റിന് പിന്നില്‍ മിന്നല്‍ വേഗത്തില്‍ ചലിക്കുന്ന ധോണിയുടെ കൈകളാണ് അദ്ദേഹത്തെ ഇത്രയും ഉന്നതിയിലെത്തിച്ചതെന്ന് ശാസ്ത്രി പറഞ്ഞു.

തന്റെ പുതിയ പുസ്തകമായ സ്റ്റാര്‍ ഗേസറിലാണ് ശാസ്ത്രിയുടെ പ്രതികരണം.

‘പകരം വെക്കാനില്ലാത്ത പ്രതിഭയാണ് ധോണി. യുവതാരങ്ങളോട് എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ്, വിക്കറ്റിന് പിന്നിലെ ധോണിയുടെ വേഗതയെ നിങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കരുത്, അത് സ്വാഭാവികമായി ലഭിക്കേണ്ട കഴിവാണ്,’ ശാസ്ത്രി പറഞ്ഞു.

പോക്കറ്റടിക്കാരേക്കാള്‍ വേഗത്തിലാണ് ധോണിയുടെ കൈകള്‍ വിക്കറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ധോണി കളിച്ചിരുന്ന സമയത്ത് വിക്കറ്റിന് പിന്നില്‍ ഇത്രയും ചടുലമായ നീക്കങ്ങള്‍ നടത്തിയ മറ്റൊരു താരവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളിഗതിയെ ശരിയായി വായിക്കുന്നതില്‍ ധോണി കാണിക്കുന്ന മികവ് അസാമാന്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.ആര്‍.എസ് എടുക്കുന്നതിലെ കൃത്യത ധോണി മൈതാനത്ത് എത്രത്തോളം സൂക്ഷ്മാലുവാണെന്നതിന്റെ തെൡവാണെന്നും അദ്ദേഹം പറഞ്ഞു.

2020 ലാണ് മഹേന്ദ്രസിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2019 ലോകകപ്പിലെ ന്യൂസിലാന്റിനെതിരായ സെമിഫൈനലിലാണ് താരം അവസാനമായി കളിച്ചത്.

ഇന്ത്യയ്ക്കായി ഏകദിന, ടി-20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിത്തന്ന ക്യാപ്റ്റനാണ് ധോണി. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനൊപ്പം താരം തുടരുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ravi Shastri hails MS Dhonis wicketkeeping skills